March 31, 2011

പ്രണയത്തിന്റെ ഓര്‍മ്മകള്‍


പ്രണയത്തിന്റെ ഓർമ്മക

        നിരന്തരമായ പ്രണയമാണ് അവനെ ഒരു ഒറ്റകണ്ണനാക്കി തീർത്തത് .അവൻ പലരെയും മാറി മാറി പ്രണയിച്ചു.ഓരോരുത്തരെയും പിരിയുമ്പോൾ അവൻ വേദനിച്ചു.അവർ കരയുമ്പോൾ അവന്റെ ഹൃദയവും നുറുങ്ങി.ശാന്തയും സിന്ധുവും ഗോമതിയുമെല്ലാം അവന്റെ ജീവിതത്തെ സമ്പുഷ്ടമാക്കിയവരാണ്.
അവന്റെ നാട്ടിൽ ഒരു പാൽസൊസൈറ്റി ബ്രാഞ്ച് മിൽമ ആരംഭിച്ചതുമുതലാണ് അവന്റെ പ്രണയം കൂടുതൽ കൂടുതൽ വളരാൻ ആരംഭിച്ചത്.

അവൻ ശാന്തയെ ആദ്യമായികാണുമ്പോൾ അവൾക്ക് പ്രായം ഒന്നര. ബ്രോക്കർ ഇബ്രായണ്ണൻ പറഞ്ഞിട്ടാണ് അവളെകാണാൻ ജോർജ്ജച്ചായന്റെ വീട്ടിൽ പോയത് ഒറ്റനോട്ടത്തിൽ തന്നെ ബോധിച്ചു.  ..കൊള്ളാം ..
കൊമ്പിന്റെ താഴെ നടുനെറ്റിയിൽ തന്നെ വെള്ളുത്ത പൊട്ട് .
പിന്നെകറുപ്പിനിടയിൽ വിരളമായുള്ള  വെളുപ്പ് വാലിന്റെ തുമ്പിലും പടർന്നിട്ടുണ്ട്.

                   ജോർജ്ജച്ചായന്റെ ചേടത്തിക്ക് കയറുകാണം കൊടുത്ത് പുതിയ കയറിൽ കെട്ടിയപ്പോൾ തന്നെ അവളവനെ ഒന്നു തൊട്ടുരുമി ,  കൈയ്യിലൊന്ന് നക്കുകയും ചെയ്യ്തു.

അച്ചായൻ പറഞ്ഞകാശിൽ അഞ്ചുപൈസകുറച്ചില്ല.
വീട്ടിലേക്ക് രണ്ട് കിലോമീറ്റർ നടക്കണം.
 പക്ഷെ വീട്ടിൽ വച്ചുകാണിച്ചലോഹ്യം  റോഡിലിറങ്ങിയപ്പോൾ മാറി .
വെട്ടിച്ചിട്ട് ഒറ്റ ഓട്ടം .
………..അപ്പൊ  ഒന്നു വിരണ്ടു .

ഇബ്രായണ്ണന്റെ പരിചയസമ്പത്തിനു മുമ്പിൽ ഇതൊന്നുമല്ലായിരുന്നു .
വീട്ടിൽ വരെ എത്തിക്കാൻ ഇബ്രായണ്ണനാണ് സഹായിച്ചത്.
അടുക്കളയുടെ പിറകിൽ കുറ്റിയടിച്ച് പ്ലാസ്റ്റിക്ക് വലിച്ച് കെട്ടിയാണ് ആദ്യം കെട്ടിയത് .
പിറ്റെ ദിവസം നോക്കിയപ്പോൾ ചാണകമിട്ട് ചവിട്ടിക്കുഴച്ച് കന്നു പൂട്ടിയപോലെ .
ഏതായാലും ഒരാഴ്ചക്കകം കൊറേ പൊറോട്ടും ഒരു പടുതയും സംഘടിപ്പിച്ച്  അത്യാവശ്യം ഒരു തൊഴുത്ത് ഒരുക്കി .

ഏതായാലും ഇവളു മാത്രമെ കുറച്ച് കഷ്ടപ്പെട്ടുള്ളു. ഇവളുടെ കാലത്തുതന്നെ എന്റെ ഭാഷയിൽ ഒരു ഒന്നാന്തരം തൊഴുത്ത് പണിതു .
മുകളിൽ കോറഷീറ്റ് മേഞ്ഞു .വാരിയായി ഈറ്റയ്യും കാപ്പി കമ്പും മുറിച്ചിട്ടു .തൂണ് കരിങ്ങഴയുടേതായിരുന്നു. തറയിൽ കല്ലു നിരത്തി അതു കഴിഞ്ഞായിരുന്നു പ്രശ്നം  കുറെ ദിവസം കഴിഞ്ഞപ്പോൾ കല്ലെല്ലാം ഇളകി ബ്ലിക്..ബ്ലിക്..ശബ്ദം കേൾപ്പിച്ചു  തുടങ്ങി .  കുറെ ചീളുകല്ലു വാരിയിട്ട് സിമന്റിട്ട് ഉറപ്പിച്ചു. പിന്നെ കുറെ കാലത്തേക്ക് കുഴപ്പമില്ലായിരുന്നു. വശങ്ങൾ ഓലമെടഞ്ഞ് മറച്ചു. എന്നാലും കാറ്റുള്ള സമയത്ത്  എറിച്ചിലടിക്കുമായിരുന്നു.
                             ഏതായാലും രണ്ട് മൂന്ന് വർഷമേ ഈ കഷ്ടപാടൊക്കെ ഉണ്ടായുള്ളു .സഹകരണബാങ്കിൽ നിന്നും മെമ്പർ തങ്കപ്പന്റെ വകയിൽ ഒരു ലോൺ കിട്ടിയതുകൊണ്ട് തറ സിമന്റിട്ട് ആസ്ബ്സറ്റോസ് ഷീറ്റ് മേഞ്ഞ് സൈട് കെട്ടിത്തിരിച്ച് ഒരു കൂടു പണിതു. ചാണകക്കുഴിയും കുഴിചു.
അപ്പോഴേക്കും ശാന്ത പ്രസവിച്ച് കറവ തുടങ്ങിയതിനാൽ ലോൺ അടക്കുന്നതിൽ വലിയ ബുദധിമുട്ട് അനുഭവപ്പെട്ടില്ല .അത്യാവശ്യം വീട്ടുകാര്യങ്ങളും നടന്നു പോയി.
സിന്ധുവും ഗോമതിയുമെല്ലാം അവിടെയാണ് പെറ്റു വളർന്നത് .അതിന്റെയൊരു അഹങ്കാരവും അവർക്കെല്ലാം ഉണ്ടായിരുന്നു…….
സിന്ധുവും ഗോമതിയും ശാന്തയുടെ മക്കളായിരുന്നു.സുനന്ദി സിന്ധുവിന്റെ മകൾ. സുനന്ദിയുണ്ടായിക്കഴിഞ്ഞാണ് ശാന്തയെ വിൽക്കേണ്ടി വന്നത് ..
                             അവളെ വിൽക്കാനുള്ള തീരുമാനമെടുക്കാൻ ഒത്തിരി വഷമിച്ചു. 3 -4 പ്രസവം കഴിഞ്ഞപ്പോൾ തന്നെ പാലു കുറഞ്ഞിരുന്നു .പിന്നെ ആകപ്പാടെ ഒരു ക്ഷീണവും, അതുകൊണ്ടൊന്നും കൊടുക്കാൻ മനസ്സുവന്നില്ല .പക്ഷെ ആയിടക്കായിരുന്നു ഗോമതിയുടെ പ്രസവം , ഒരു ഒന്നാന്തരം മൂരിക്കുട്ടൻ. അവനുംകൂടായി കഴിഞ്ഞപ്പോൾ തൊഴുത്തിൽ ഇടം പോരാത്തതുപോലെ  .അല്ലെങ്കിൽ തന്നെ ചാർപ്പു പിടിച്ചായിരുന്നു സിന്ധുവിനെ കെട്ടിയിരുന്നത്.മഴകാലവും വരുന്നു, ഇനി പഴയപടി പറ്റില്ല .എങ്കില്ലും കൊടുക്കാൻ മനസ്സു വരുന്നില്ലായിരുന്നു.
ഇരുപത്തി ഒന്നാമത്തെവയസ്സിൽ കൂടെ കൂടിയതാണ് അതിൽ പിന്നെ ഒറ്റ ദിവസം പിരിഞ്ഞിരുന്നിട്ടില്ല.
                             ചാച്ചനും അമ്മച്ചിയും പശുക്കളെ നോക്കാൻ സഹായിക്കുമായിരുന്നു, കൂടുതലും അമ്മച്ചി. ചാച്ചൻ പണികിട്ടിയാൽ എവിടെങ്കില്ലും കാലാചെത്താനും മറ്റും പോകും.പിന്നെ അമ്മച്ചിയാണ് ഒരു കൈ സഹായം.
ആയിടക്കാണ് അമ്മച്ചിക്ക് ഒരു ദീനം വന്നത് .കുനിയാനും നൂരാനും വലിയ ബുദ്ധിമുട്ട് .മുഖത്തൊക്കെ നീരും ,ആകെ ഒരു ഉത്സാഹകുറവ്.
ടൌണിൽ ഡോക്ടറെ കാണിച്ചു , എന്തൊക്കെയൊ മരുന്നും കിട്ടി,കഴിച്ചപ്പോൾ കുറച്ച് കുറവ് കിട്ടി. ഒരാഴ്ചകഴിഞ്ഞപ്പോൾ വീണ്ടും പഴയപടി.ദൂരെയെങ്ങും കൊണ്ടു പോകാൻ ഒത്തില്ല. അമ്മച്ചിക്ക് താത്പര്യവുമില്ലായിരുന്നു.അങ്ങനയൊക്കെ ആ സഹായവും നിന്നു.
എല്ലാത്തിനെയും നോക്കി നടത്താൻപറ്റത്തില്ല.മനസ്സില്ലാമനസ്സോടെയണ് ശാന്തയെ വിൽക്കാനുള്ളതീരുമാനം എടുത്തത്.
                   ഈ തീരുമാനം എടുത്ത് രണ്ട് മൂന്ന് ദിവസത്തേക്ക് ഉറങ്ങാനെ പറ്റിയില്ല.കിടന്നിട്ട് ഉറക്കം വരുന്നില്ല. ഇടക്കിടക്ക് എഴുന്നേറ്റ് മെഴുകുതിരി കത്തിച്ച് കൂട്ടിൽ പോയി നോക്കും .മയങ്ങിയാൽ എന്തെങ്കിലും  ദു:സ്വപ്നം കണ്ട് ഞെട്ടിയുണരും.
എല്ലാവർക്കും വിഷമമുണ്ടായിരുന്നു.രണ്ട് ദിവസം കഴിഞ്ഞ് ഇബ്രായണ്ണൻ വന്ന് ശാ ന്തയെ കൊണ്ടുപോയി .

പിറ്റെ ദിവസം സിന്ധുവിനെ കറക്കാൻ ചെന്നപ്പോൾ അവൾക്കൊരു ഇളക്കം. എല്ലാവരും അമർഷത്തോടെ നോക്കുന്നു.ശാന്തയെ കൊടുത്തതിന്റെ  പരിഭവം.തലേന്നു മുതൽ തന്നെ എല്ലാവരും അമറിച്ചയായിരുന്നു.രണ്ട് ദിവസം കൊണ്ട് മാറിക്കോളും എന്നു കരുതി .കറവപാത്രത്തിൽ നിന്നും വെള്ളമൊഴിച്ച് അകിട് കഴുകി അല്പം എണ്ണ കൈയ്യിൽ പുരട്ടി മുലകണ്ണിൽ പിടിച്ചതും ഒറ്റ തൊഴിയായിരുന്നു. പാത്രം പുൽകൂട്ടിൽ ,കൈയുടെ എല്ലൊടിഞ്ഞതുപോലെ ,നല്ല ദേഷ്യം വന്നു . ചാടിമുമ്പിലേക്കുചെന്ന് മൂക്കുകയറിൽ പിടിക്കാനാഞ്ഞതും മുഖം കുടഞ്ഞ് ഒരു ചാട്ടം,തീരെ പ്രതീക്ഷിച്ചിരുന്നില്ല.  ഇടത്തെ കൊമ്പ് വലതുകണ്ണിൽ തറഞ്ഞുകയറി,
                   അമ്മച്ചിയേ……എന്നുവിളിച്ച് പുറകിലേക്ക് മറിഞ്ഞതു മാത്രം ഓർമ്മയുണ്ട്. 
                             ബോധം വീഴുമ്പോൾ ആശുപത്രിയിലാണ് ,അരികിൽ ചാച്ചനും അമ്മച്ചിയും. ചാച്ചനാണ് കൂടുതലും ആശുപത്രിയിൽ നിന്നത് .അമ്മച്ചി വന്നും പോയും നിന്നു,വീട്ടിലെ കാര്യങ്ങൾ പശുക്കളുടേതടക്കം,  കഴിയുന്നതു പോലൊക്കെ ചെയ്യ്തു.
ഒരാഴ്ചക്കുള്ളിൽ വീട്ടിൽ പോകാമെന്നു കരുതി ,പക്ഷെ പഴുപ്പായി ,വേദനകൂടി , .കാഴ്ചകിട്ടില്ലെന്ന് ഡോക്ടർ തീർത്തു പറഞ്ഞു .ആ കിടപ്പ് രണ്ടു മാസത്തോളം  നീണ്ടു ,പറഞ്ഞപോലെ തന്നെ കാഴ്ച തീരെ ഇല്ലായിരുന്നു .രണ്ട് പ്രധാന ഓപ്പറേഷനും നടന്നിരുന്നു.


                             വീട്ടിൽ ചെന്ന് നേരെ പോയത് തൊഴുത്തിലേക്കാണ്.തൊഴുത്തു കണ്ട് തലകറങ്ങിപ്പോയി  ,അവിടം ശൂന്യമായിരുന്നു.


ആശുപത്രിയിൽ ഒരു പാട് പൈസയായി .   എവിടെന്നെങ്കില്ലും കടം വാങ്ങിച്ചിരിക്കും എന്നാണ് കരുതിയത്,അവ വാങ്ങിച്ചിരുന്നെങ്കിൽ തന്നെ കൊടുക്കാൻ മാർഗമില്ലായിരുന്നു.ഉള്ളമാർഗം ഇതുമാത്രമായിരുന്നു.

പഴയ ഉത്സാഹമെല്ലാം പോയപോലെ ..
വർഷങ്ങൾ  കഴിഞ്ഞിരിക്കുന്നു ..,.പഴയപ്രണയത്തിന്റെ ഓർമ്മകൾ ജീവിതാന്ത്യം വരെ കൂടെയുണ്ടാവും .
അവൻ വലതുകണ്ണ് പതുക്കെ തടവി .
വലതുകണ്ണിലൂടെ ഒരു തുള്ളി കണ്ണീർ ഒലിച്ചിറങ്ങി.
         

March 20, 2011

കാക്കി


കാക്കി

കാക്കി മൗഢ്യതയുടെ നിറമാണ്

അല്ലെക്കില്‍

അത് പൊലീസ് യൂണിഫൊം ആവില്ലായിരുന്നു.


കാക്കിക്ക് ക്രൂരതയുടെ മുഖമാണ്

അല്ലെക്കില്‍

അത് ഭരണക്ക​‍ൂടത്തിന്റെ ചട്ടുകമാകേണ്ടതില്ലായിരുന്നു


കാക്കിക്ക് ഫ്രീസറിന്റെ തണുപ്പാണ്

അല്ലെക്കില്‍

അത് മോര്‍ച്ചറികളില്‍ കാവല്‍ നില്ക്കില്ലായിരു‍ന്നു.


കാക്കി തെരുവിന്റെ സന്തതിയാണ്

അല്ലെക്കില്‍

അത് കടത്തിണ്ണകളില്‍ അന്തിയുറങ്ങില്ലായിരുന്നു.


കാക്കിക്ക് വേദനയുടെ ഹൃദയമാണ്

അല്ലെക്കില്‍

അത് മനുഷ്യനെ പോലീസാക്കില്ലായിരുന്നു.

2 KAVITHAKKAL

1.രാധ


ഒരു രാധയുണ്ട്ആയിരുന്നെന്‍ മുത്തശ്ശികഥകളില്‍.

കൃഷ്ണന്നൊടൊത്തു കരം പിടിച്ചീനാടിന്‍

ഹൃദയത്തുടിപ്പുകള്‍ കരളില്‍ച്ചുമന്നവള്‍.

മഥുരാസുഖം തേടികൃഷ്ണനകലവെ

കണ്ണീര്‍ കയങ്ങളില്‍ നീന്തി തുടിച്ചവള്‍.

പഞ്ചഭൂതങ്ങളില്‍  കൃഷ്നണനെന്നുള്ളൊരു രൂപവും ഭാവവും

മാത്രം തിരഞ്ഞവള്‍  .

ഓമന കുഞ്ഞിനെ ലാളിച്ചു നില്‍ക്കുന്ന മഞ്ഞിന്‍

മുഖമുള്ളൊരമ്മയെപ്പോലവള്‍.


2.ദ്രൗപതി


കൂടെഞാന്‍ കാണുന്നു അഞ്ചുത്താഴാല്‍ പൂട്ടി

കൂട്ടിലടച്ചകുരുവിപോല്‍ ദ്രൗപതി .

അന്ത്യത്തിലാരും തുണക്കുനില്‍ക്കാതന്ന്

ഈ മണ്ണില്‍ ദാഹിച്ചലഞ്ഞുമരിച്ചവള്‍.

നാലഞ്ചുപേരവര്‍ കല്‍പ്രതിമയാകവെ

കൃഷ്ണനെ തേടിയാവായിട്ടലച്ചവള്‍.

കണ്ണിലാളുന്നഗ്നി കണ്ണുനീരാക്കിയ

കുന്തിതന്‍ കൊച്ചുമക്കള്‍ക്കന്ന് അമ്മയായി തീര്‍ന്നവള്‍.

 സ്വന്തം മകന്‍റച്ഛന്‍ അവനൊയിവനൊയെന്നൊറ്റനോട്ടത്തില്‍

പറയാനറച്ചവള്‍.

ജീവിതം പോലും പതികള്‍ക്കു നല്‍കി

പണയപതക്കമായ് മാറേണ്ടിവന്നവള്‍.

ഇവളാണു ഭാരതസ്ത്രീകള്‍തന്‍ ഹ്രുദയത്തില്‍

രത്നങ്ങളാല്‍ പതിച്ചുവയ്ക്കേണ്ടവള്‍.

ഇവിടുണ്ടു ഭാരത സ്ത്രീക്കു സ്വാതന്ത്രമെന്നുച്ചത്തില്‍ോഷിക്കും

നിങ്ങളോടിന്നെന്‍റ് മനസ്സുച്ചോദിക്കുന്നു

ആരാണു  ദ്രൗപതി….... ?

തുടക്കം

തുടക്കം നല്ലതാവണെ എന്ന പ്രര്‍ഥനയൊടെ ഞാനു ഒരു blogger  ആവട്ടെ……