കുട്ടൻ എത്ര ശ്രമിച്ചിട്ടും ചിരി നിർത്താനാവുന്നില്ല.ഇപ്പം തീരുമെന്നാണു
കരുതിയത്...പക്ഷെ ...ചിരി....അതു സാധാരണ പുഞ്ചിരിയല്ല.
.ഹ..ഹ..ഹ..ഹാ യെന്ന് നീട്ടിയും കുറുക്കിയും.അവന് പതിനാലു വയസ്സു പൂർത്തിയായ
ദിവസമായിരുന്നത് .പതിനാലു വയസ്സിൽ തിരിച്ചറിവുണ്ടായി തുടങ്ങുമോ..എന്തോ....അവസാനം സഹികെട്ട്
അവന്റെ അമ്മയ്ക്ക് പറയേണ്ടിവന്നു “കുട്ടാ..ഒന്നു നിർത്തടാ....ഈ ചിരി..”.ചിരിക്കിടയിൽ
കേൾക്കാഞ്ഞിട്ടാണോ അതോ കേട്ടിട്ടും നിർത്താത്തതാണോ എന്നൊന്നുമ്മറിയില്ല.ചിരി നിന്നില്ലെന്നു മാത്ര മറിയാം.
അവന്റെ അമ്മ പറഞ്ഞതുകൂടാതെ അവന്റെ അച്ചന്മാരും
നാട്ടുകാരും കൂട്ടുകാരൻ കിട്ടൻ വരെ പറഞ്ഞു .
“നിർത്തടാ കുട്ടാ ചിരി.....”.അവന്റെ ഏകകൂട്ടുകാരൻ കിട്ടൻ പറഞ്ഞപ്പോൾ അവനു നിർത്തണമെന്നുണ്ടായിരുന്നു.ഒന്നുമല്ലെങ്കിലും
തനിക്ക് മറ്റാരെകാട്ടിലും പുളിമാങ്ങ പറിച്ചു തന്നിട്ടുള്ളവനല്ലെ....അപ്പൊ കുട്ടനൊന്നു
നിർത്തിയതാണ് .പക്ഷെ ശ്വാസം കിട്ടുന്നില്ല...അവസാനം ശ്രമമുപേക്ഷിച്ച് അവൻ ചിരിതുടർന്നു.
ഇന്നലെ
രാത്രി തുടങ്ങിയ ചിരിയാണ്.നേരം വെളുത്തു കിട്ടൻ സ്കൂളിൽ പോയി പക്ഷെ കുട്ടൻ പോയില്ല.ചിരിനിർത്താതെ
എങ്ങനെ സ്കൂളിൽ പോകും.നാട്ടിൽ മുഴുവൻ ആ വാർത്ത പരന്നു “തേവടിശ്ശിപ്പുരയിലെ” കുട്ടനു
ചിരി രോഗം .അവന്റെ അമ്മയുടെയും അമ്മൂമയുടെയുമൊക്കെ സ്വഭാവമഹിമകൊണ്ട് കുട്ടന്റെ വീടിനു
കിട്ടിയ വീട്ടു പേരായിരുന്നു “തേവടിശ്ശിപ്പുര”.കുട്ടന്റെ വല്ല്യമ്മേടെ വല്ല്യമ്മയ്ക്ക്
മക്കൾ രണ്ട് ഒരാണും ഒരു പെണ്ണും .ആ വല്ല്യമ്മയുടെ മകളുടെ കല്ല്യാണത്തിന് സാധനങ്ങൾ വാങ്ങുവാൻ
പോയ വഴിയിൽ വാഹനാപകടത്തിൽ ഭർത്താവും മകനും മരിച്ചു.കല്ല്യാണവും മുടങ്ങി.
അവിടെ പിന്നെ രണ്ടു പെണ്ണുങ്ങൾ മാത്രമായി.ആ പരൻപര മുതൽ അവിടെയാർക്കും
ഭർത്താക്കന്മാരില്ലായിരുന്നു.ആ മകൾക്ക് ഒരു മകൾ അത് കുട്ടന്റെ അമ്മ.അങ്ങനെ പെണ്ണുങ്ങൾ
മാത്രമുണ്ടായിരുന്ന ഒരു പരൻപരയിലാണ് കുട്ടന്റെ ജനനം.ഒരു പരൻപര കടിഞ്ഞൂലായി....അങ്ങനെയാണ്
കുട്ടന് അച്ചനില്ലാതിരിക്കുകയും
അച്ചന്മാരുണ്ടാവുകയും ചെയ്തത്.
അവസാനം നാട്ടുകാരെല്ലാവരും ചേർന്ന് ഒരു
തീരുമാനത്തിലെത്തി കുട്ടനു ഭ്രാന്താണ് ...അങ്ങനെ പതിനാലുകാരൻ കുട്ടൻ ആ നാട്ടിലെ ഏറ്റവും
പ്രായം കുറഞ്ഞ ഭ്രാന്തനായി.എങ്കിലും ചിലർകൊക്കെ ഭ്രാന്താണെന്നംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.അവർ
ബുദ്ധിജീവികളായിരുന്നു.അവർ പറഞ്ഞു
“മാനസികപ്രശനങ്ങൾ മൂലമാണ് ഒരു മനുഷ്യനു ഭ്രാന്തു
വരുന്നത് ,വെറും പതിനാലുകാരനായ കുട്ടന് അങ്ങനെ മാനസിക പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല,അവന്റെ
അമ്മപോലും അവനെ തല്ലാറില്ല , വഴക്കുപോലും
പറയാറില്ല. പഠിക്കാൻ നിർബന്ധിക്കാറില്ല...പത്തുമണിയായാലും കിടക്കാൻ
പറയാറില്ല. എട്ടുമണിയായാലും എഴുന്നേൽക്കാനും. സമയാ സമയങ്ങളിൽ ഭക്ഷണം ക്രിത്യമായി നൽകിയിരുന്നു.പിന്നെ
അവനെന്താണു പ്രശ്നം.അപ്പോൾ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.അതു കൊണ്ട് കുട്ടനു ഭ്രാന്തില്ല
.ഇത് ഏതോ അജ്ഞാത രോഗം മാത്രം.ചികിത്സിച്ചാൽ മാറാവുന്നതെയുള്ളു.അതുകൊണ്ട് കുട്ടൻ ഭ്രാന്തൻ
കുട്ടനല്ല വെറും ചിരികുട്ടൻ മാത്രം”.
അങ്ങനെ കുട്ടന് രണ്ടുപേരായി ഭ്രാന്തൻ കുട്ടനും ചിരിക്കുട്ടനും.ചിരിക്കുട്ടൻ
വിളിക്കാർ എണ്ണത്തിൽ വളരെ കുറവായിരുന്നു.ഭൂരിപക്ഷവും ഭ്രാന്തൻ കുട്ടൻ എന്നാണു വിളിച്ചതും
പറഞ്ഞതും. ബുദ്ധിജീവികൾ കുട്ടന്റമ്മയോട് അവനെ ആശുപത്രിയിൽ
കൊണ്ടു പോകാനാവശ്യപെട്ടു.അവരവനെ അടുത്തുള്ള സർക്കാരാശുപത്രിയിൽ കാണിച്ചു പക്ഷെ പ്രയോജനമൊന്നുമുണ്ടായില്ല.അകലെ
മാനസിക രോഗാശുപത്രിയിൽ കാണിക്കുവാനുള്ള പണം അവരുടെ കൈവശമില്ലായിരുന്നു താനും.ബുദ്ധിജീവികൾക്ക്
പറയാനല്ലാതെ പ്രവർത്തിക്കുവാനുള്ള താത്പര്യവുമില്ലായിരുന്നു.
പക്ഷെ മറ്റു നാട്ടുകാരവനെ വെറുതെ വിട്ടില്ല.ഉദാരമായ് സംഭാവന സ്വരൂപിച്ച്
അവരവനെ ആശുപത്രിയിൽ കൊണ്ടു പോയി.പക്ഷെ ഫലം തഥൈവ.രണ്ടുമാസത്തെ അജ്ഞാതവാസം കഴിഞ്ഞ് പൂർവ്വാധികം
ശക്തിയോടെ ചിരിയുമായ് ചിരിക്കുട്ടൻ തിരിച്ചു വന്നു.
കിട്ടനിടക്കിടക്ക് കുട്ടനെ സന്ദർശിക്കാറുണ്ടായിരുന്നു.കിട്ടനോടുമാത്രമെ
ചിരിച്ചുകൊണ്ടായാലും കുട്ടൻ രണ്ടുവാക്ക് സംസാരിക്കാറുണ്ടായിരുന്നുള്ളു. നാട്ടുകാർക്കതിൽ
താൽപര്യവുമില്ലായിരുന്നു.കുറച്ചുകാലം കഴിഞ്ഞപ്പോൾ അവർ അവന്റെ ചിരിയും അവനെത്തന്നെയും
മറന്നു.
ഒരു വർഷത്തോളം കഴിഞ്ഞപ്പോൾ കുട്ടനു വീട്ടിലിരുന്നുള്ള ചിരി മടുത്തു.അവൻ
നാട്ടിലേക്കിറങ്ങാൻ തുടങ്ങി.അങ്ങനെ ചാത്തുണ്ണിയുടെ ചായക്കടയിലും മുഹമ്മദിന്റെ ബാർബർ
ഷോപ്പിലുമെല്ലാം അവൻ വീണ്ടും ചർച്ചാ വിഷയമായി.അവന്റെ ചിരി അവിടങ്ങളിലേക്കെല്ലാം വ്യാപിച്ചിരുന്നു.ഭ്രാന്താശുപത്രിയിലാക്കാനുള്ള
ശ്രമം വീണ്ടും നടന്നെക്കിലും വിജയിച്ചില്ല.കുട്ടന്റെമ്മക്ക് പൈത്രുകം പോലെ പിന്നീട്
മക്കളൊന്നും ഉണ്ടായില്ല.ആദ്യമൊക്കെ കുട്ടൻ വൈകുന്നേരങ്ങളിൽ വീട്ടിൽ തിരിച്ചെത്തുമായിരുന്നു.പിന്നീട്
വീട്ടിലേക്കും വരാതായി.നാട്ടുകാർക്കവൻ വല്യശല്യമായിട്ട് തോന്നാതെയുമായി. പക്ഷെ കുട്ടന്റ്മ്മ അവനെ തിരക്കി, വീട്ടിലെത്തിച്ചുകൊണ്ടുമിരുന്നു.
പിന്നീട് അവർക്കും മടുത്തു.അവർക്ക് അച്ചന്മാരെ സ്വീകരിക്കുന്നതിൽ കൂടുതൽ സമയം കണ്ടെത്തുന്നതിലായി
കൂടുതൽ ശ്രദ്ധ.
അങ്ങനെയിരിക്കെയാണ് ഒരു സംഭവമുണ്ടായത്. കുട്ടന്റമ്മയുടെ പതിവുകാരിൽ
രണ്ടുപേർതമ്മിൽ ഒരു തർക്കം .വലിയകാര്യമൊന്നുമില്ലാത്ത ഒരു തർക്കം. തർക്കം അവസാനം കുട്ടന്റെ
അമ്മയുടെ നേർക്കായി.അതൊരു കത്തി കുത്തിലാണ് അവസാനിച്ചത്.തടസ്സം പിടിച്ചതിനിടയിൽ കുട്ടന്റെ
അമ്മക്ക് രണ്ട് കുത്ത് കിട്ടി.പക്ഷെ അവർ സ്നേഹമുള്ളവരായിരുന്നു. അവർ അവരെ ആശുപത്രിയിലെത്തിച്ചു..
കിട്ടനാണീകാര്യം കുട്ടനോടു
പറഞ്ഞത്.കുട്ടന്റമ്മയെ “ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുന്നു.....“ .കേട്ടപാതി കേൾക്കാത്തപാതി കുട്ടൻ ആശുപത്രിയിലേക്കോടി. ചിരിച്ച്...ചിരിച്ച്...അവനവരുടെ കട്ടിലിനരികിലെത്തി.അവനാകണ്ണുകളിലേക്ക്
നോക്കി.അവരുടെ കണ്ണുകൾ വെളിയിലേക്ക് ഉന്തി......എന്തോ പറയുവാനായ് വാ..തുറന്നു...“മകനേ
മാപ്പ്“ . അങ്ങനെയാണോ പറഞ്ഞത്....പക്ഷെയാകണ്ണുകൾ
പുറകിലേക്ക് ചാഞ്ഞു എന്നന്നേക്കുമായ്.
ഒരു നിമിഷം കുട്ടന്റെ കണ്ണൊന്നു
പിടിഞ്ഞു .അവന്റെ ഈ ഭൂമിയിലെ ഏക ബന്ധു ...ക്രൂരമായനോട്ടം കണ്ണു നീരായ്. ചിരിനിന്നു.....
ചിരികുട്ടൻ വെറും കുട്ടനായി.
പിന്നെ ഒരിക്കലും കുട്ടൻ ചിരിച്ചില്ല.