July 18, 2023

നിഗൂഡത

 the moon


ചുരുളഴിയാ നിഗൂഡതകള്‍ക്കപ്പുറം
മിഴി നട്ടിരിക്കും മനസ്സിന്റെ തത്ത്വമേ
സ്വരുക്കൂട്ടി വയ്ക്കും മഹാധനമ്മൊക്കെയ്യും
മൊഴിയറിയാതെ നിന്നിലര്‍പ്പിക്കുന്നു ഞാന്‍  .

കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു
നിന്റെയോരോ സ്പന്ദനവുമെണ്ണുവാന്‍ ,
തിരിച്ചറിയാ പ്രായം കടക്കുവാന്‍  ,
ഉള്‍കണ്ണിനാല്‍ നിന്റെ മഹത്ത്വം തിരയുവാന്‍ .

ചിറകരഞ്ഞിട്ട പ്രാവിനെ പോലെയെന്‍
ഹൃദയമെല്ലാം വിറകൊണ്ടിടുമ്പൊഴും
ചുരുളഴിയാ രഹസ്യം തിരയുമീ
മനസ്സിനുള്ളിലെ ചിറകടിയൊച്ചകള്‍ .
ഇരുളുമല്ല വെളിച്ചവുമല്ല നീ ,ഇവ രണ്ടുമായേക്കാം പക്ഷെ.

ഇരുളുതീര്‍ക്കുന്ന തത്ത്വശാസ്ത്രങ്ങളില്‍
പതിരു മാത്രമുയര്‍ന്നു കിടക്കവെ
കതിരു മാത്രം കൊയ്യാന്‍ പറയുന്ന
വികലമാകുന്ന ന്യായവാദങ്ങളെ ,മറികടന്നു കുതിക്കണം
നമ്മില്‍ ചിതറി വീഴും  ചിന്ത മരിക്കാതിരിക്കുവാന്‍  .

October 19, 2014

ചിരിക്കുട്ടനും ഭ്രാന്തൻകുട്ടനും

                                   

                                       

                 കുട്ടൻ എത്ര ശ്രമിച്ചിട്ടും ചിരി നിർത്താനാവുന്നില്ല.ഇപ്പം തീരുമെന്നാണു കരുതിയത്...പക്ഷെ ...ചിരി....അതു സാധാരണ പുഞ്ചിരിയല്ല.
.ഹ..ഹ..ഹ..ഹാ യെന്ന് നീട്ടിയും കുറുക്കിയും.അവന് പതിനാലു വയസ്സു പൂർത്തിയായ ദിവസമായിരുന്നത് .പതിനാലു വയസ്സിൽ തിരിച്ചറിവുണ്ടായി തുടങ്ങുമോ..എന്തോ....അവസാനം സഹികെട്ട് അവന്റെ അമ്മയ്ക്ക് പറയേണ്ടിവന്നു “കുട്ടാ..ഒന്നു നിർത്തടാ....ഈ ചിരി..”.ചിരിക്കിടയിൽ കേൾക്കാഞ്ഞിട്ടാണോ അതോ കേട്ടിട്ടും നിർത്താത്തതാണോ എന്നൊന്നുമ്മറിയില്ല.ചിരി നിന്നില്ലെന്നു മാത്ര മറിയാം.
        അവന്റെ അമ്മ പറഞ്ഞതുകൂടാതെ അവന്റെ അച്ചന്മാരും നാട്ടുകാരും കൂട്ടുകാരൻ കിട്ടൻ വരെ പറഞ്ഞു .  “നിർത്തടാ കുട്ടാ ചിരി.....”.അവന്റെ ഏകകൂട്ടുകാരൻ കിട്ടൻ പറഞ്ഞപ്പോൾ അവനു നിർത്തണമെന്നുണ്ടായിരുന്നു.ഒന്നുമല്ലെങ്കിലും തനിക്ക് മറ്റാരെകാട്ടിലും പുളിമാങ്ങ പറിച്ചു തന്നിട്ടുള്ളവനല്ലെ....അപ്പൊ കുട്ടനൊന്നു നിർത്തിയതാണ് .പക്ഷെ ശ്വാസം കിട്ടുന്നില്ല...അവസാനം ശ്രമമുപേക്ഷിച്ച് അവൻ ചിരിതുടർന്നു.
                          ഇന്നലെ രാത്രി തുടങ്ങിയ ചിരിയാണ്.നേരം വെളുത്തു കിട്ടൻ സ്കൂളിൽ പോയി പക്ഷെ കുട്ടൻ പോയില്ല.ചിരിനിർത്താതെ എങ്ങനെ സ്കൂളിൽ പോകും.നാട്ടിൽ മുഴുവൻ ആ വാർത്ത പരന്നു “തേവടിശ്ശിപ്പുരയിലെ” കുട്ടനു ചിരി രോഗം .അവന്റെ അമ്മയുടെയും അമ്മൂമയുടെയുമൊക്കെ സ്വഭാവമഹിമകൊണ്ട് കുട്ടന്റെ വീടിനു കിട്ടിയ വീട്ടു പേരായിരുന്നു “തേവടിശ്ശിപ്പുര”.കുട്ടന്റെ വല്ല്യമ്മേടെ വല്ല്യമ്മയ്ക്ക് മക്കൾ രണ്ട് ഒരാണും ഒരു പെണ്ണും .ആ വല്ല്യമ്മയുടെ മകളുടെ കല്ല്യാണത്തിന് സാധനങ്ങൾ വാങ്ങുവാൻ പോയ വഴിയിൽ വാഹനാപകടത്തിൽ ഭർത്താവും മകനും മരിച്ചു.കല്ല്യാണവും മുടങ്ങി.
അവിടെ പിന്നെ രണ്ടു പെണ്ണുങ്ങൾ മാത്രമായി.ആ പരൻപര മുതൽ അവിടെയാർക്കും ഭർത്താക്കന്മാരില്ലായിരുന്നു.ആ മകൾക്ക് ഒരു മകൾ അത് കുട്ടന്റെ അമ്മ.അങ്ങനെ പെണ്ണുങ്ങൾ മാത്രമുണ്ടായിരുന്ന ഒരു പരൻപരയിലാണ് കുട്ടന്റെ ജനനം.ഒരു പരൻപര കടിഞ്ഞൂലായി....അങ്ങനെയാണ് കുട്ടന് അച്ചനില്ലാതിരിക്കുകയും 
അച്ചന്മാരുണ്ടാവുകയും ചെയ്തത്.
അവസാനം നാട്ടുകാരെല്ലാവരും ചേർന്ന് ഒരു തീരുമാനത്തിലെത്തി കുട്ടനു ഭ്രാന്താണ് ...അങ്ങനെ പതിനാലുകാരൻ കുട്ടൻ ആ നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഭ്രാന്തനായി.എങ്കിലും ചിലർകൊക്കെ ഭ്രാന്താണെന്നംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു.അവർ ബുദ്ധിജീവികളായിരുന്നു.അവർ പറഞ്ഞു
 “മാനസികപ്രശനങ്ങൾ മൂലമാണ് ഒരു മനുഷ്യനു ഭ്രാന്തു വരുന്നത് ,വെറും പതിനാലുകാരനായ കുട്ടന് അങ്ങനെ മാനസിക പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല,അവന്റെ അമ്മപോലും അവനെ തല്ലാറില്ല ,   വഴക്കുപോലും പറയാറില്ല.    പഠിക്കാൻ നിർബന്ധിക്കാറില്ല...പത്തുമണിയായാലും   കിടക്കാൻ പറയാറില്ല. എട്ടുമണിയായാലും എഴുന്നേൽക്കാനും. സമയാ സമയങ്ങളിൽ ഭക്ഷണം ക്രിത്യമായി നൽകിയിരുന്നു.പിന്നെ അവനെന്താണു പ്രശ്നം.അപ്പോൾ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.അതു കൊണ്ട് കുട്ടനു ഭ്രാന്തില്ല .ഇത് ഏതോ അജ്ഞാത രോഗം മാത്രം.ചികിത്സിച്ചാൽ മാറാവുന്നതെയുള്ളു.അതുകൊണ്ട് കുട്ടൻ ഭ്രാന്തൻ കുട്ടനല്ല വെറും ചിരികുട്ടൻ മാത്രം”.
അങ്ങനെ കുട്ടന് രണ്ടുപേരായി ഭ്രാന്തൻ കുട്ടനും ചിരിക്കുട്ടനും.ചിരിക്കുട്ടൻ വിളിക്കാർ എണ്ണത്തിൽ വളരെ കുറവായിരുന്നു.ഭൂരിപക്ഷവും ഭ്രാന്തൻ കുട്ടൻ എന്നാണു വിളിച്ചതും    പറഞ്ഞതും.   ബുദ്ധിജീവികൾ കുട്ടന്റമ്മയോട് അവനെ ആശുപത്രിയിൽ കൊണ്ടു പോകാനാവശ്യപെട്ടു.അവരവനെ അടുത്തുള്ള സർക്കാരാശുപത്രിയിൽ കാണിച്ചു പക്ഷെ പ്രയോജനമൊന്നുമുണ്ടായില്ല.അകലെ മാനസിക രോഗാശുപത്രിയിൽ കാണിക്കുവാനുള്ള പണം അവരുടെ കൈവശമില്ലായിരുന്നു താനും.ബുദ്ധിജീവികൾക്ക് പറയാനല്ലാതെ പ്രവർത്തിക്കുവാനുള്ള താത്പര്യവുമില്ലായിരുന്നു.

പക്ഷെ മറ്റു നാട്ടുകാരവനെ വെറുതെ വിട്ടില്ല.ഉദാരമായ് സംഭാവന സ്വരൂപിച്ച് അവരവനെ ആശുപത്രിയിൽ കൊണ്ടു പോയി.പക്ഷെ ഫലം തഥൈവ.രണ്ടുമാസത്തെ അജ്ഞാതവാസം കഴിഞ്ഞ് പൂർവ്വാധികം ശക്തിയോടെ ചിരിയുമായ് ചിരിക്കുട്ടൻ തിരിച്ചു വന്നു.
കിട്ടനിടക്കിടക്ക് കുട്ടനെ സന്ദർശിക്കാറുണ്ടായിരുന്നു.കിട്ടനോടുമാത്രമെ ചിരിച്ചുകൊണ്ടായാലും കുട്ടൻ രണ്ടുവാക്ക് സംസാരിക്കാറുണ്ടായിരുന്നുള്ളു. നാട്ടുകാർക്കതിൽ താൽപര്യവുമില്ലായിരുന്നു.കുറച്ചുകാലം കഴിഞ്ഞപ്പോൾ അവർ അവന്റെ ചിരിയും അവനെത്തന്നെയും മറന്നു.
ഒരു വർഷത്തോളം കഴിഞ്ഞപ്പോൾ കുട്ടനു വീട്ടിലിരുന്നുള്ള ചിരി മടുത്തു.അവൻ നാട്ടിലേക്കിറങ്ങാൻ തുടങ്ങി.അങ്ങനെ ചാത്തുണ്ണിയുടെ ചായക്കടയിലും മുഹമ്മദിന്റെ ബാർബർ ഷോപ്പിലുമെല്ലാം അവൻ വീണ്ടും ചർച്ചാ വിഷയമായി.അവന്റെ ചിരി അവിടങ്ങളിലേക്കെല്ലാം വ്യാപിച്ചിരുന്നു.ഭ്രാന്താശുപത്രിയിലാക്കാനുള്ള ശ്രമം വീണ്ടും നടന്നെക്കിലും വിജയിച്ചില്ല.കുട്ടന്റെമ്മക്ക് പൈത്രുകം പോലെ പിന്നീട് മക്കളൊന്നും ഉണ്ടായില്ല.ആദ്യമൊക്കെ കുട്ടൻ വൈകുന്നേരങ്ങളിൽ വീട്ടിൽ തിരിച്ചെത്തുമായിരുന്നു.പിന്നീട് വീട്ടിലേക്കും വരാതായി.നാട്ടുകാർക്കവൻ വല്യശല്യമായിട്ട് തോന്നാതെയുമായി.  പക്ഷെ കുട്ടന്റ്മ്മ അവനെ തിരക്കി, വീട്ടിലെത്തിച്ചുകൊണ്ടുമിരുന്നു. പിന്നീട് അവർക്കും മടുത്തു.അവർക്ക് അച്ചന്മാരെ സ്വീകരിക്കുന്നതിൽ കൂടുതൽ സമയം കണ്ടെത്തുന്നതിലായി കൂടുതൽ ശ്രദ്ധ.
അങ്ങനെയിരിക്കെയാണ് ഒരു സംഭവമുണ്ടായത്. കുട്ടന്റമ്മയുടെ പതിവുകാരിൽ രണ്ടുപേർതമ്മിൽ ഒരു തർക്കം .വലിയകാര്യമൊന്നുമില്ലാത്ത ഒരു തർക്കം. തർക്കം അവസാനം കുട്ടന്റെ അമ്മയുടെ നേർക്കായി.അതൊരു കത്തി കുത്തിലാണ് അവസാനിച്ചത്.തടസ്സം പിടിച്ചതിനിടയിൽ കുട്ടന്റെ അമ്മക്ക് രണ്ട് കുത്ത് കിട്ടി.പക്ഷെ അവർ സ്നേഹമുള്ളവരായിരുന്നു. അവർ അവരെ ആശുപത്രിയിലെത്തിച്ചു..
     കിട്ടനാണീകാര്യം കുട്ടനോടു പറഞ്ഞത്.കുട്ടന്റമ്മയെ “ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുന്നു.....“  .കേട്ടപാതി കേൾക്കാത്തപാതി കുട്ടൻ ആശുപത്രിയിലേക്കോടി.  ചിരിച്ച്...ചിരിച്ച്...അവനവരുടെ കട്ടിലിനരികിലെത്തി.അവനാകണ്ണുകളിലേക്ക് നോക്കി.അവരുടെ കണ്ണുകൾ വെളിയിലേക്ക് ഉന്തി......എന്തോ പറയുവാനായ് വാ..തുറന്നു...“മകനേ മാപ്പ്“ .   അങ്ങനെയാണോ പറഞ്ഞത്....പക്ഷെയാകണ്ണുകൾ പുറകിലേക്ക് ചാഞ്ഞു എന്നന്നേക്കുമായ്.
 ഒരു നിമിഷം കുട്ടന്റെ കണ്ണൊന്നു പിടിഞ്ഞു .അവന്റെ ഈ ഭൂമിയിലെ ഏക ബന്ധു ...ക്രൂരമായനോട്ടം കണ്ണു നീരായ്. ചിരിനിന്നു.....
ചിരികുട്ടൻ വെറും കുട്ടനായി.  പിന്നെ ഒരിക്കലും കുട്ടൻ ചിരിച്ചില്ല.

January 4, 2014

എന്റെ ആദ്യ വിദ്യാലയം.....

           ഞാൻ വിദ്യാർത്ഥിയായിരുന്നു എന്നത് ഒരത്ഭുതത്തോടെ മാത്രമെ ഓർക്കാനാവൂ ,ഒരിക്കലും തിരിച്ചു പിടിക്കാനാവാത്തത്ഭുതം.ഓരോതവണയും കൂട്ടാർ എസ് എൻ എൽ പി എസിന്റെ മുമ്പിലൂടെ പോകുമ്പോൾ പഴയ ഓർമ്മകൾ വേദനിപ്പിച്ചുകൊണ്ടേയിരിക്കും അതുപോലെ സന്തോഷിപ്പിച്ചു കൊണ്ടും.സ്കൂളിലേക്കുള്ള കൂട്ടമായുള്ള വരവും ബഹളവും താമസിച്ചു വരുന്നതിനുള്ള അദ്ധ്യാപകരുടെ വഴക്കും,അന്നത്തെ ഭയം ഇന്നതെ രസമായി മാറിയതിന്റെ ആനന്ദവും.
            അന്നൊക്കെ എല്ലാ വിഷയവും ഒരാളു തന്നെയാണു പഠിപ്പിച്ചിരുന്നത്.അങ്ങനെ എന്തുകൊണ്ടോ എന്നെ 1ലു 4ലുപഠിപ്പിച്ചത് ദിനകരൻ സാറു തന്നെയായിരുന്നു.അതുകൊണ്ടു തന്നെ അദ്ദേഹത്തോട് അന്നുമിന്നും ഒരു പ്രത്യേക ബഹുമാനം മനസ്സിൽ സൂക്ഷിക്കുന്നു.നമ്മുടെ പ്രൈമറി അദ്ധ്യാപകരെയാവും നാമെല്ലാകാലത്തും ഓർമ്മിക്കുക.ലീലാമ്മ ടീച്ചറും ഹക്കീം സാറും സുമതി ടീച്ചറും പ്രഭാകരൻ സാറുംവാസുക്കുട്ടൻ സാറുമെല്ലാം ഞങ്ങൾക്ക് ഭയമുള്ള പ്രിയപ്പെട്ട വരായിരുന്നു. മറ്റുള്ള ആരെയൊക്കെ മറന്നാലും അവരെ മറക്കാനാവില്ല.നന്മയായിരുന്നു എല്ലാകാലത്തും അവരെ നമ്മുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ കാരണം.
           നമ്മുടെ സ്കൂൾ അന്നുമിന്നും ഒരേ കെട്ടിടത്തിൽ തന്നെ ഇപ്പോൾ ഉപയോഗിക്കാത്ത കെട്ടിടത്തിലായിരുന്നു 1ലു3ലു4ലുമെന്റെ വിദ്യാഭാസം.വീട്ടിൽ നിന്നും ഒരു കിലോമീറ്ററിലധികം ദൂരമുണ്ട് സ്കൂളിലേക്ക് അന്ന് റോഡിന് ടാറിങ്ങും സോളിങ്ങുമൊന്നുമില്ല വെറും മണ്ണ് വഴി.അതിലൂടെ തെന്നി തെറിച്ച് അന്നതെ പാരഗൺ സ്പ്ലിപ്പറിൽ സ്കൂളിലെത്തുമ്പോൾ തലവരെ ചെളി തെറിച്ചിടുണ്ടാവും.രാവിലെ പരമാവധി താമസിച്ചാവും വീട്ടിൽ നിന്നിറങ്ങുക അതിനാൽ തന്നെ താമസിച്ചാവും സ്കൂളിലേക്കുള്ള വരവ്.സ്ഥിരമായി വഴക്ക് കേൾക്കാനുള്ള ഭാഗ്യം സിദ്ധിച്ച വരായിരുന്നു ഞാനും ചേട്ടനുമെല്ലാം.അദ്ധ്യാപകരെല്ലാം തന്നെ വീട്ടുകാർക്കും പരിചിതരായിരുന്നതിനാൽ തന്നെ സ്കൂളിലെ ചെറിയകാര്യം പോലും വീട്ടിലെത്തിയിരുന്നു.അന്ന് സ്കൂളിന്റെ പടിഞ്ഞാറു വശത്ത് ഒന്നു രണ്ടു നെല്ലിമരം നിന്നരുന്നതിലെ നിത്യസന്ദർശകരായിരുന്നു ഞങ്ങളൊക്കെ .കൂടാതെ പഴയസ്കൂളിന്റെ പരിസരത്ത്  കുതിര പിടുക്കെന്ന് യെല്ലാവരും പറയുന്ന മരവും ഞങ്ങളെ ആകർഷിക്കുന്നതും തല്ലുവാങ്ങിതരുന്നതുമായിരുന്നു.സ്കൂളിന്റെ മുന്മ്പിൽ താഴെ യായൊഴുകുന്ന തോട്ടിലായിരുന്നു ഞങ്ങൾ ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയിരുന്നത്.നല്ല ജലസമിർദ്ധിയുള്ള തോടായിരുന്നു അന്നത്,ഉണ്ണാൻ പോയി വെള്ളത്തിലൂടെയുള്ള ഓട്ടവും പാറയിലെ പായലിലെ തെന്നി വീഴ്ചയുമെല്ലാം ഇന്നലെ സംഭവിച്ചതുപോലെ ഓർക്കുന്നു.കുറച്ചു ദിവസം ഞങ്ങൾ കുഞ്ഞിചേച്ചിയെന്നു( അമ്പിളി) പെങ്ങളോടൊപ്പം അടുത്തുള്ള തങ്കപ്പൻ ചേട്ടന്റെ വീട്ടിലും ഉണ്ണാൻ പോകുമായിരുന്നു.അന്നൊന്നു വീട്ടുകാർ കുട്ടികളെ ഓർത്ത് ഇന്നതെയത്ര ആധിപിടിച്ചിരുന്നോയെന്ന് സംശയമാണ്.

        അടിയെഭയങ്കരപേടിയായിരുന്നെനിക്ക് ഏതോകാര്യത്തിന് ദിനകരൻ സാറെന്നെയടിച്ചതും ഞാൻ ക്ലാസ്സിൽ നിന്നെറിങ്ങി ഓടിയതും അവസാനം അടുത്തക്ലാസ്സിൽ പഠിച്ചിരുന്ന ചേട്ടനെ വിട്ട് ഓടിച്ചിട്ട് പിടിച്ചതുമെല്ലാം അച്ചൻ ഇടക്ക് പറഞ്ഞ് ഇപ്പോളുമെന്നെ കളിയാക്കും.സ്കൂളിന്റെ താഴെ നിന്നിരുന്ന മാവിന്റെ ചുവട്ടിലൂടെ ആയിരുന്നു എന്റെ ഓട്ടം.അങ്ങനെ ഒരിക്കലും മറക്കാവാനാവാത്ത എന്റെ ആദ്യ സ്കൂളിനെ കുറിച്ചുള്ള ഓർമ്മകൾ ഒരിക്കലും അവസാനിക്കുന്നില്ല.ഒരാളുള്ളിടത്തോളം കാലം അവന്റെ മനസ്സിൽ അതിന്റെ പച്ചപ്പുകൾ തലനീട്ടികൊണ്ടേയിരിക്കും.

August 15, 2013

ഭയപ്പെടൽ

                     


 ഭയമാകുന്നമ്മേ എനിക്കീ ഭരണകൂടങ്ങളെ...                                                                               നിന്റെമാറിനെയൊരു മുള്ളുവേലിയാൽ കെട്ടിവരിഞ്ഞിട്ട്   
അപ്പുറവുമിപ്പുറവുമായ്  വെടിയുതിർക്കുന്നിവർ.
ഇതെന്റെ രാജ്യം  നിനക്കവകാശമില്ലാത്തത് , ചരിത്രം ചുരണ്ടണ്ട ,പണ്ടിതൊറ്റ രാജ്യമെന്ന്,ഭൂഖണ്ടമെന്ന് ,അമ്മയെന്ന് ,ഭൂമിയെന്ന്,പ്രപഞ്ചമെന്ന് 
പറഞ്ഞ് പറഞ്ഞ് കണ്ണീർ വാർക്കേണ്ടതില്ല.
അപ്പഴും അധികാരി നാമായിരിക്കണമെന്ന് ചിന്തിച്ച് തലപുകക്കേണ്ടതില്ല...

ഒരു മുള്ളുവേലിക്കരികിലായ് നിന്ന് അപ്പുറത്തേക്ക് കണ്ണുപായിച്ചു   

ഇതെവിടെയോ കണ്ടു മറന്നപോലല്ലെ...
ഇതെന്റെ വേലിക്കിപ്പുറവുമല്ലെ ,
യെന്റെയമ്മേ നിന്റെ മാറിടമല്ലെ...
                                   
എന്റെ ഭാഷ നിന്റെയാകുന്നില്ല....

എന്റെ മതവും നിന്റെയാകുന്നില്ല...
നിന്റെ വേഷവും ആഹാരവുമെന്റെയല്ല...
പക്ഷെയെന്റെ കാറ്റും മഴയും നിലാവെളിച്ചവും 
സൂര്യനും പാചകംചെയ്യാ പഴങ്ങളും ധാന്യവും കടലും മീനും
 ആദികോശവും അതിലെ ജീനും ഈ കുളിരും കൂടി -
നിന്റേതു കൂടിയാവുന്നു.
                                         
അപ്പുറവും ഇപ്പുറവുമായ് വെടിയുതിർക്കുന്നീ 

തോക്കുകൾ നമ്മുടേതല്ല ,
ഈ വിമാനങ്ങളും റോക്കറ്റും പീരങ്കിയും ബോബും വസ്ത്രവും 
ഷൂവും മറ്റിതൊന്നുതന്നെ നമ്മുടേതല്ല..
പരസ്പരം പിച്ചിചീന്താൻ പഠിപ്പിച്ച ചിന്തയും വാക്കും 
പ്രവൃർത്തിയും കൂടെ നമ്മുടെതല്ല,മറ്റാരുടെയൊക്കെയോ...

എന്നിട്ടും ഇതെല്ലാമറിഞ്ഞിട്ടും എന്താണമ്മേ ഞങ്ങളിങ്ങനെ 

എനിക്ക് ഭയക്കാതിരിക്കാനാവുന്നില്ല ഈ ഭരണകൂടങ്ങളെ....
                      

December 29, 2012

മകളെ നിനക്കു ക്ഷമിക്കുവാനാവുമോ?
നിന്നിയിടത്തുഞാന്‍ നിന്നു തകര്‍ന്നുപോയ്
  ഒരിറ്റു കണ്ണീര്‍ തുണിയിലമര്‍ന്നുവോ..
പിടയുന്നൊരാ പെണ്‍കിടാവിന്റെ വേദന ഹൃദയത്തിലേറ്റൊന്നു വിറച്ചുവോ?
സ്ഥലകാലങ്ങളെ കൂച്ചുവിലങ്ങിട്ടൊരു മാത്ര മനുഷ്യനായ് മാറിയതീ ജഡം.
പീഢനമെന്നാല്‍ മനുഷ്യന്‍ മനുഷ്യനെ പിച്ചിചീത്തുന്ന കാട്ടാളത്തമെന്നർത്ഥം പറയുമോ...?
നരനും നാരിയും അർഥനാരീശ്വരന്മാരെന്നു പഠിപ്പിച്ച നാടിതു തന്നെയോ...
 മൌനം വിദ്വാനു ഭൂഷണം.
മരണം വരുന്നത് ഇങ്ങനെയെങ്കില്‍ നാം എന്തിനീ മണ്ണില്‍ ജനിച്ചൂ ജീവിക്കണം.
മാപ്പ്..എന്നെങ്കിലും പറയാനീ പുരുഷനെ അനുവദിക്കാൻ നിനക്കാവുമെങ്കില്‍ കുഞ്ഞേ... മാപ്പ് .......
ഈ നാട്ടില്‍ ജനിച്ചു ജീവിക്കും പരുഷന്മാര്‍ക്കെല്ലാമായ് ആയിരമായിരം മാപ്പുകള്‍ ...മാപ്പ്.