November 8, 2011

പ്രണയം


പ്രണയം വിദൂരമാം വിജനമാം വീഥിയിൽ
വഴിതെറ്റി നിൽക്കും പഥികനെപ്പോലെയോ?
ഇരുളാണു ചുറ്റും കുളിരാണു ചുറ്റും
മൊഴിമാറ്റമില്ലാതൊഴുകുന്നനാദിയായ്.

ഏഴുകടല്ലും കടന്നു ചെന്നിട്ടൊരു
കാലചക്രത്തിൻ തിരശ്ശീലകാണണം
ഒന്നിനു പിമ്പിൽ ഒന്നായ് ഒന്നായ്
കാലമുൾച്ചേർക്കും പ്രണയത്തിൻ ശീലുകൾ.

ജീവിയുണ്ടായൊരു കാലഘട്ടം മുതൽ
ജീവിതമെന്നു നാം  മൊഴിമാറ്റിടും വരെ
വരി വരി നിൽക്കുന്നീ പ്രണയത്തിൻ ശീലുകൾ.

ആദവും ക്രിഷ്ണനും മുംതാസ്സും രമണനും
വഴിതെറ്റി പൊട്ടക്കിണറ്റിൽ കിടക്കും മൊബൈൽ പ്രണയവും.
കൂലം കുത്തിയെത്തും നദി പ്രവാഹങ്ങൾക്ക്
തടയായ് നിൽക്കും പ്രണയവും കാണണം.
കാലം കാലമായ് ഒഴുകിക്കടക്കുകിൽ
ചോരഛർദ്ദിക്കാം,പക്ഷെ പ്രണയം മരിക്കില്ല.




  • November 5, 2011

    വീണ്ടും തലക്കടി..

            വീണ്ടും രാജ്യത്ത് പെട്രോൾ വില വർദ്ധിപ്പിച്ചു 1.82 പൈസ.കഴിഞ്ഞ തവണത്തെപോലെ ഉമ്മൻ ചാണ്ടി സർക്കാർ  37 പൈസകുറച്ചു.കേന്ദ്രത്തിലെ കോൺഗ്രസ്സിനില്ലാത്ത ജനാധിപത്യബോധം  കേരളത്തിലെ കോണഗ്രസ്സിനാണുള്ളത്. ഇതിന്റെ ആവശ്യമുണ്ടോ, സംസ്ഥാന ഗവണമെന്റിനുകിട്ടുന്ന ചില്ലറ മാത്രം വേണ്ടെന്നു വെക്കുന്നതിൽ എന്താണർത്ഥം ?.രൂപയുടെ മൂല്യം കുറഞ്ഞാല്ലും ബാരലിനു ചോർച്ചവന്നാല്ലും വർദ്ധനതന്നെ, ജനാധിപത്യ ഭരണകൂടത്തിന് യാതൊരു ബാധ്യതയുമില്ല.എന്തിനാണിങ്ങനെ ഒരു ഗവണ്മന്റ് കുഭകോണം നടത്താൻ മാത്രമായി .കൂടെ പതിവുപ്പോലെ ഹർത്താല്ലും ഭരണപക്ഷത്തിന്റെ ഒരടി പ്രതിപക്ഷത്തിന്റെ രണ്ടടി എന്നതാണവസ്ഥ.എല്ലാം ജനങ്ങളുടെ മണ്ടക്ക് തന്നെ ,ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സമാധാനം.അവരവരുടെ ചുമതലകൾ നിറവേറ്റി, ഇനിമിണ്ടാതിരിക്കാം. എല്ലാം പതിവുപോലെ തുടരുന്നു.ഇതുവരെ നടത്തിയ ഹർത്താലുകൾകൊണ്ട് എത്ര രൂപ കുറഞ്ഞു. അഞ്ചു പൈസ ഇല്ലേ ഇല്ല.പക്ഷെ കേരളത്തിൽ മാത്രം ഇതിങ്ങനെ തുടരുന്നു.കേരളത്തിൽ മാത്രമാണ്  വിലവർദ്ധിച്ചത്  എന്നു തോന്നുന്നു.പൊതുജനം കഴുത ,അത്രമാത്രം.

    November 2, 2011

    പുനർ വായന

    2 KAVITHAKKAL

    1.രാധ


    ഒരു രാധയുണ്ടായിരുന്നെൻ  മുത്തശ്ശികഥകളിൽ
    കൃഷ്ണന്നൊടൊത്തു കരം പിടിച്ചീനാടിൻ
    ഹൃദയത്തുടിപ്പുകൾ കരളിൽചുമന്നവൾ.
    മഥുരാസുഖം തേടികൃഷ്ണനകലവെ
    കണ്ണീർ കയങ്ങളിൽ നീന്തി തുടിച്ചവൾ.
    പഞ്ചഭൂതങ്ങളിൽ  കൃഷ്നണനെന്നുള്ളൊരു രൂപവും ഭാവവും
    മാത്രം തിരഞ്ഞവൾ  .
    ഓമന കുഞ്ഞിനെ ലാളിച്ചു നിൽക്കുന്ന മഞ്ഞിൻ
    മുഖമുള്ളൊരമ്മയെപ്പോലവൾ.


    2.ദ്രൗപതി


    കൂടെഞാൻ കാണുന്നു അഞ്ചുത്താഴാൽ പൂട്ടി
    കൂട്ടിലടച്ചകുരുവിപോൽ ദ്രൗപതി .
    അന്ത്യത്തിലാരും തുണക്കുനിൽക്കാതന്ന്
    ഈ മണ്ണിൽ ദാഹിച്ചലഞ്ഞുമരിച്ചവൾ.
    നാലഞ്ചുപേരവർ കൽപ്രതിമയാകവെ
    കൃഷ്ണനെ തേടിയാവായിട്ടലച്ചവൾ .
    കണ്ണിലാളുന്നഗ്നി കണ്ണുനീരാക്കിയ
    കുന്തിതൻ കൊച്ചുമക്കൾക്കന്ന് അമ്മയായി തീർന്നവൾ .
    സ്വന്തം മകന്റച്ഛൻ അവനൊയിവനൊയെന്നൊറ്റനോട്ടത്തിൽ
    പറയാനറച്ചവൾ .
    ജീവിതം പോലും പതികൾക്കു നൽകി
    പണയപതക്കമായ് മാറേണ്ടിവന്നവൾ .
    ഇവളാണു ഭാരതസ്ത്രീകൾതൻ ഹ്രുദയത്തിൽ
    രത്നങ്ങളാൽ പതിച്ചുവയ്ക്കേണ്ടവൾ .
    ഇവിടുണ്ടു ഭാരത സ്ത്രീക്കു സ്വാതന്ത്രമെന്നുച്ചത്തിഘോഷിക്കും
    നിങ്ങളോടിന്നെന്റെ  മനസ്സുച്ചോദിക്കുന്നു
    ആരാണു  ദ്രൗപതി?

    October 3, 2011

    കുടിയിറക്കം

                                                   
                                            ദൂരെ മലയിടുക്കുകളിൽ വിവിധ രൂപങ്ങൾ തീരുന്നു. ഒന്നൊരു മാലാഖയുടെ രൂപം .മാലാഖ ചിറകുകൾ  വീശി ആകാശത്തേക്ക് പറന്നുയരുകയാണ്.കൂടെ സമാധാനത്തിന്റെ പതാക വാഹകരെപ്പൊലെ ഏതാനും പ്രാവുകൾ . ഭൂമിയെ തൊടാൻ വെമ്പിനിധികാക്കും ഭൂതത്തെപ്പൊലെ മറ്റുചിലർ . എതിർ വശത്തായി ഒരു കുതിര കുതിച്ചു ചാടാൻ തുടങ്ങുന്നു.
    പക്ഷെ എല്ലാവരും ദൂരേയ്ക്ക് ദൂരേയ്ക്ക് പോകുന്നു. താ‍ഴെ മലയിടുക്കുകളിൽ  തലതല്ലിച്ചിരിച്ച്  ഒരു കൊച്ചരുവി കടന്നു പോകുന്നു. മഴക്കാലത്തിന്റെ ധാരാളിത്തം. വേനലിൽ കരയാനുള്ളതാ‍ണെന്നോർക്കാതെയുള്ള കുതിപ്പാകാം.

        കാൽപ്പെരുമാറ്റം കേട്ട് വർഗ്ഗീസുചേട്ടന്‍ തിരിഞ്ഞുനോക്കി. കൊളുന്തു നുള്ളാൻ പോകുന്ന തമിഴത്തികളാണ്. എന്തൊക്കെയൊ കലമ്പൽ കൂട്ടി അവരങ്ങനെ നിരനിരയായി വരുന്നു. കൂടെ ഇളക്കമൽപ്പം കൂടുതലുള്ള മായമ്മ ചോദിച്ചു.
    എന്നണ്ണാ എന്നപാത്തിട്ടിറുക്കെ?
    ഓ...ഒന്നുമില്ലൈ
    ചുമ്മാ പാത്തിട്ടിരിന്തേ.
    മുതലാവതാ നീങ്കയിങ്കെ...
    ‘...........അവരു പാക്കട്ടും നമ്മക്ക് പോകലാം‘.

    അവരെല്ലാം കലമ്പൽ കൂട്ടി മലയടിവാരത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. എല്ലാവരും വർഷങ്ങളായി പരിചയമുള്ളവർ. അടുത്തുതന്നെയുള്ള ലയത്തിലെ താമസക്കാരാണ്.

    വർഗ്ഗീസു ചേട്ടനവരുടെ വരിയായുള്ള പോക്ക് നോക്കിനിന്നു. സ്വൽപ്പം നീങ്ങിയപ്പോൾ  ഒരു മഞ്ഞുകൂട്ടം വന്ന് അവരെ പൊതിഞ്ഞു. ഇപ്പോൾ മാലാഖമാരെപ്പോലെ അവരുടെ രൂപം അവ്യക്തമായി കാണാം.
    അവരിൽ നിന്നും കണ്ണുപറിച്ച് താഴേയ്ക്ക് നടന്ന്  കൊണ്ട് വര്‍ഗ്ഗീസുചേട്ടനോര്‍ത്തു.
     എത്ര വർഷങ്ങൾ എല്ലാം പഴയകാഴ്ചകൾ . പക്ഷേ ഇന്നെനിക്ക് എല്ലാം പുതുമയുള്ളതായി തീരുന്നു.  നാളെ കുടിയിറക്കമാണ് .സ്വന്തം മണ്ണില്‍ നിന്നും ആത്മാവില്‍നിന്നും. വില്ലെജാഫീസില്‍ നിന്നും ലഭിച്ച അന്ത്യശാസനത്തിന്റെ കാലാവധി നാളെത്തീരും. താന്‍ സമ്പാദിച്ചതെല്ലാം ഇവിടെനിന്നായിരുന്നു.മൂന്നു മക്കള്‍ ,ത്രേസ്യാമ്മ.  കപ്പയും ചേമ്പും ,കുരുമുളകും ,തേയിലയും എല്ലാം കൃഷി ചെയ്തു. മക്കളെയെല്ലാം നന്നായി പഠിപ്പിച്ചു.
    അവരെല്ലാം നല്ലനിലയിലുമായി. എല്ലാം,ഈ മണ്ണു തന്ന  സൗഭാഗ്യങ്ങള്‍ .....
    മൂത്തവന്‍ കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ്സ് നടത്തുകയാണ് .മറ്റു രണ്ടു പേരു ഗള്‍ഫിലാണ് .ഇവിടെ നിന്നാമതിയെന്ന് ഞാനവരോടെല്ലാം പറഞ്ഞതാണ് .പക്ഷെ ആര്‍ക്കും  ഈ കാടും മേടുമൊന്നും എന്റെയത്ര ബോധിച്ചില്ല.
       ജെസിബികള്‍ തലങ്ങും വിലങ്ങും പായുന്നതിന്റെ ശബ്ദം ,കണ്ടാല്‍ തന്നെ ഭയമാകുന്നു.ഈ നാടിനെ മനസ്സറിഞ്ഞ് സ്നേഹിക്കുകയും  മനസ്സിലാക്കുകയും  ചെയ്യ്ത നമ്മളെല്ലാം കയ്യേറ്റകാരായി.ആയിരക്കണ്ണക്കിനേക്കര്‍ കൈവശം വയ്ക്കുകയ്യും മുറിച്ചു വില്‍ക്കുകയ്യും ചെയ്യുന്നവരൊക്കെ മിടുക്കരായി വിലസുന്നു.
        1970 കളിലാണ് വര്‍ഗ്ഗീസ്സുചേട്ടന്‍ ഹൈറേഞ്ചിലേക്ക് വരുന്നത് ,അതിനുമുമ്പ് കാടുവെട്ടി കൃഷി ആരംഭിച്ച ഗോപാലന്‍ എന്നൊരാളില്‍ നിന്നും വാങ്ങിക്കുകയായിരുന്നു ഈ നാലരയേക്കര്‍ ഭൂമി .അന്ന് രണ്ട് മക്കളുണ്ട് ,പിന്നീട് ഒരാളുംകൂടായി .1977 കാലഘട്ടത്തില്‍ സര്‍വ്വേചെയ്യ്തുപോയ ഭൂമിയാണ് .അന്ന് സര്‍വ്വേചെയ്യ്ത പലര്‍ക്കും പിന്നീട് പട്ടയം കിട്ടി.പക്ഷെ ഇതു മാത്രം ശരിയായില്ല....
    സര്‍ക്കാര്‍ രേഖകളില്‍ ഇപ്പോഴും റിസര്‍വ്വ് ഫോറസ്റ്റായി കിടക്കുന്നു.എന്താണ് പറ്റിയതെന്നറിയില്ല.വലിയ കാര്യവിവരമില്ലാത്തതിനാല്‍ പിറകെ പോയുമില്ല.അത്ര അത്യാവശ്യമായി അന്നു തോന്നിയുമില്ല.
               
                                       മലയോരത്തുകൂടി വഴി വളഞ്ഞു തിരിഞ്ഞു പോകുന്നു.ഈ വഴിയോരത്താണ് മൊയ്യ്തീന്റെ ചായക്കട .മിക്ക വൈകുന്നേരങ്ങളിലും ഇവിടെയാണ് ഒത്തുകൂടാറ് .നാട്ടില്‍ പലയിടത്തും വികസനം വന്നുയെന്നു പറഞ്ഞുകേട്ടു.പക്ഷെ അതിവിടെവരെയെത്തിയിട്ടില്ല.
    ഈ ചായക്കടയും വളവും മണ്ണ് റോഡും കാട്ടുപന്നിയും അരുവിയും എല്ലാം പഴയതു തന്നെ .
               ഏതൊക്കെയോ ഓര്‍മ്മകളില്‍ തട്ടി വര്‍ഗ്ഗീസ്സുചേട്ടന്‍ താഴേക്ക് നടന്നു.ഒരു പക്ഷെ ഈ വഴിക്കുള്ള അവസാനയാത്രയായേക്കാം ,താഴെയെത്തിയതറിഞ്ഞില്ല.
          ആരൊക്കെയോ കൂട്ടം കൂടി നില്‍പ്പുണ്ട് ,ആരോടും ഒന്നുമിണ്ടാന്‍ തോന്നിയില്ല.
    എല്ലാവരും എന്തൊക്കെയൊ ചോദിച്ചു എന്തൊക്കെയൊ പറഞ്ഞെന്നു വരുത്തി.കുട്ടപ്പനും ചന്ദ്രനും  വര്‍ഗ്ഗീസ്സും മൊയ്തീനും മുരളിയും എല്ലാവരുമുണ്ട് ,എല്ലാവരും ആദ്യകാലഘട്ടം മുതല്‍ തന്നെ പരിചയമുള്ളവര്‍ .
    ഒരു ചായകുടിച്ചെന്നു വരുത്തി വേഗമിറങ്ങി..
     “......ടൗണിലേക്ക് ഞാന്‍ സുഖവാസത്തിന് പോവുകയാണെന്നാ എല്ലാവരും കരുതുന്നെ.  സ്വന്തം വീടുവിട്ടു പോകുന്നവന്റെ  വേദന ആരോടു പറയും .”
    മൊയ്തീനോടെന്ന മട്ടില്‍ എല്ലാവരോടുമായി വര്‍ഗ്ഗീസ്സു ചേട്ടന്‍ പറഞ്ഞു.
    ആര്‍ക്കും ഒന്നും മിണ്ടാനായില്ല.എല്ലാമനസ്സുകളിലുമുള്ള നീറ്റല്‍ മുഖത്തു കാണാമായിരുന്നു.
          മൂത്തവന്‍ ടൗണിലേക്ക് തന്നെ പറിച്ച് നടാന്‍ തീരുമാനിച്ചതാണ് ,ആര്‍ക്കും നിയമയുദ്ധത്തിനൊന്നും സമയമില്ലല്ലോ?.
    അല്ലെങ്കില്‍ തന്നെ അവരുടെയൊക്കെ കണ്ണില്‍ ഇതു നിസ്സാരവിലയുള്ള ഭൂമിയാണ് .അവര്‍ക്കീ മണ്ണിന്റെ ആത്മാവുകാണാനാവില്ലല്ലോ..
    തീയില്‍ നില്‍ക്കുമ്പൊളല്ലേ പൊള്ളലറിയൂ..
                          വര്‍ഗ്ഗീസ്സുചേട്ടനവരോടെല്ലാം യാത്ര പറഞ്ഞ് തിരിഞ്ഞു മലകയറി നടന്നു.മുമ്പില്‍ വഴി വളഞ്ഞു തിരിഞ്ഞ് ചെങ്കുത്തായി കിടക്കുന്നു.ഇനി കയറ്റമാണ് ഇറക്കം കഴിഞ്ഞു.ഈശ്വൊരാ എല്ലാ ഇറക്കത്തിനു ശേഷവും കയറ്റമാവണെ...
    ജീവിതയാഥാര്‍ത്ഥങ്ങള്‍ വര്‍ഗ്ഗീസ്സുചേട്ടനെ വിപരീത ദിശയില്‍ വലിച്ചു തുടങ്ങി.അയാള്‍ മുകളിലേക്ക് കയറും തോറും താഴെ ഇറക്കം കൂടി കൂടി വന്നു.വര്‍ഗ്ഗീസുചേട്ടന്റെ ജീവിതം പോലെ.....           

    September 10, 2011

    പ്രണയദിനങ്ങള്‍

     ചടുലമാമൊരു നൃത്തച്ചുവടിലും
    തരളമാമൊരു മന്ദഹാസത്തിലും
    ദൃശൃമാമൊരു  നുണക്കുഴിമൊട്ടിലും
    ഹൃദയമോര്‍ത്തുപോയി പ്രണയദിനങ്ങളെ.


    നന്മനേരുന്നു കൂട്ടുകാരിയെന്ന്
    മൗനമായ്ചൊല്ലി നടകൊള്ളുവാനല്ല
    വിനയപൂര്‍വ്വം ചിരിച്ചു ചോദിച്ചതും
    കൈ പിടിക്കുവാന്‍ കൂടെച്ചരിക്കുവാന്‍.


    പൂര്‍ണ്ണമായി കൊത്തി,തട്ടിതെറിപ്പിച്ച്
    വിലങ്ങുകള്‍ വെറും തൃണമായ് കരുതുവാന്‍
    കാലം ഉള്‍ച്ചേര്‍ത്ത തോന്ന്യവാസങ്ങളില്‍
    വേരുറച്ചുപോയ് ,മുമ്പോട്ടു നീങ്ങട്ടെ.


    ചില്ലുപാത്രം ഉടയുന്നപോലെയീ
    ചൊല്ലു  മൊത്തമുടഞ്ഞുപോയില്ലെങ്കില്‍
    കാത്തുവെക്കണം ജ്നമാന്തരങ്ങളില്‍
    പ്രേമപൂര്‍വ്വമീ കാല്ചിലമ്പൊച്ചകള്‍.


    നാവിനാലൊരു വാക്കുചൊല്ലട്ടെ ഞാന്‍
    ചോരയിറ്റുന്ന ചെങ്കൊടിയല്ലിത്
    ചാലുകീറിയൊഴുകിയ പ്രണയത്തിന്‍
    പുതിയ കൈവഴി ,നൂറു നൂറായ്
    ചിറപൊട്ടിയൊഴുകട്ടെ.

    September 8, 2011

    ഓണക്കാലം

                                                          കേരളത്തില്‍ എല്ലായിടത്തും ഓണം വന്നപ്പോലെ ഞങ്ങള്‍ക്കും ഓണം വന്നു.
    അനവധി ദിവസങ്ങള്‍ക്കൂടിയിന്നാണ്  അല്പം നല്ലവെളിച്ചം കാണുന്നത്, നന്നായി ഇനിയെങ്കില്ലും നന്നായി ഓണത്തിനൊരുങ്ങാമല്ലോ,അല്ലെങ്കില്‍ അവസാന മിനുക്കു പണിയെങ്കില്ലും .
    തോരാത്ത മഴയില്‍ റോഡെല്ലാം തകര്‍ന്നല്ലൊ...എല്ലായിടത്തും ഇതു തന്നെ .
    പച്ചകറിക്കെല്ലാം തീവില.എന്നാല്ലും മറ്റുള്ള സ്ഥലത്തെ അത്രയാവില്ല,കാരണം തമിഴ് നാട് ഇത്ര അടുത്തല്ലെ.

     ഡാമില്ലൊക്കെ നല്ല വെള്ളം .ഈ വര്‍ഷം കറന്റിനു ഷാമമുണ്ടാവില്ലായിരിക്കാം.
    ഏതായാല്ലും നമ്മുക്ക് ഓണമാഘോഷിക്കാം.
    മലച്ചെരുവുകളിലെല്ലാം നീര്‍ച്ചോലകളാണ് ,നല്ല മഴ മലനാടിനു നല്‍കിയ സമ്മാനം .
    പല വര്‍ഷങ്ങളിലെയ്യും പോലെ ഇത്തവണ വലിയ ദുരന്തങ്ങളൊന്നും ഉണ്ടായില്ല ,ഭാഗ്യം.
    ഏതായാലും മലനാട്ടിലെ ഓണം ഇത്തവണ പൊടിപൊടിക്കും .

                             മലയാളികള്‍ക്കെല്ലാം എന്റെയ്യും മലനാടിന്റെയ്യും ഓണാശംസകള്‍...

    August 30, 2011

    നേരിന്റെ യാത്ര

    നേരിന്റെ  യാത്ര


     
     
     
     
    ഭാവിയെപ്പറ്റി ഞാന്‍ വരച്ചിട്ട
    നേരിലെല്ലാം നോവിന്റെ  സ്പന്ദനം.
    മുന്‍പിലായിരം അഗ്നിച്ചിറകുകള്‍
    തോറ്റം പാടി കടന്നു പോകുമ്പൊഴും
    പാപമില്ലാതെ നേരു തേടാനിനി
    ഭൂമിയില്‍ മുഴുയാത്രപോയീടണം.
    മന്ത്ര തന്ത്രങ്ങളില്ലാതെനിക്കൊരു
    ജീവിതക്കടല്‍ മുങ്ങിനിവരണം.

    പട്ടിണി, പഴംതുണിയാക്കിയ
    പുത്തന്‍ വസ്ത്രങ്ങള്‍ തുന്നിയിരിക്കണം.
    ദേഹം ദേഹിയെ വിട്ടകലുമ്പൊഴും
    സത്യധര്‍മ്മങ്ങള്‍ മണ്ണില്‍ പുലരണം.
    കൊടും കാടുമൊത്തം എരിച്ചുകളയുന്ന
    കാട്ടുതീയെന്നില്‍ വെറും തിരിയായെരിയുന്നു.

    സ്നേഹമില്ലായ്മ  കാലത്തിലര്‍പ്പിച്ച
    പൂവും കായ്കളും  നിഷ്ഫലമാകുമോ?
    മുമ്പിലനവധി വീഥികളെങ്കില്ലും
     
    സത്യമായവ തേടിയലയണം.
     


                                             

    July 22, 2011

    ഇടവപ്പാതി

                               



    ഇടവപ്പാതി

    ഇടവപ്പാതി തിമിര്‍ത്തു പെയ്യുന്നു
    ആണ്ടു കലണ്ടറിന്‍ അക്ഷരകാഴ്ചയില്‍ .

    വര്‍ഷാദ്യത്തിലെ കണക്കെടുപ്പാരംഭം
    ഈ ആണ്ടിലെത്ര മഴ കനിഞ്ഞീടണം.
    സ്വപ്നങ്ങളെല്ലാം സ്വരുക്കൂട്ടി വെക്കവേ
    മിച്ചബജറ്റെന്ന് സര്‍ക്കാര്‍ കണക്കുകള്‍ .

    റോഡുകള്‍ പാലങ്ങള്‍ എല്ലാം തകരണം
    മലവെള്ളപ്പാച്ചിലില്‍ ദുരിതങ്ങള്‍ കൂടണം.
    ആണ്ടോടാണ്ടു കണക്കെടുത്തീടണം
    ദുരിതാശ്വാസമായ് കോടികള്‍ വെട്ടണം.

    പഞ്ഞക്കര്‍ക്കിടകത്തിലരി വെക്കുവാനില്ലാതെ
    മുട്ടിപ്പായി വിളിക്കണം ദൈവമേ.
    മോഹങ്ങളെല്ലാം കേട്ടുതഴമ്പിച്ച്
    ഇടവപ്പാതി ‘പാതിയായ് ’പെയ്യുന്നു.