August 15, 2013

ഭയപ്പെടൽ

                     


 ഭയമാകുന്നമ്മേ എനിക്കീ ഭരണകൂടങ്ങളെ...                                                                               നിന്റെമാറിനെയൊരു മുള്ളുവേലിയാൽ കെട്ടിവരിഞ്ഞിട്ട്   
അപ്പുറവുമിപ്പുറവുമായ്  വെടിയുതിർക്കുന്നിവർ.
ഇതെന്റെ രാജ്യം  നിനക്കവകാശമില്ലാത്തത് , ചരിത്രം ചുരണ്ടണ്ട ,പണ്ടിതൊറ്റ രാജ്യമെന്ന്,ഭൂഖണ്ടമെന്ന് ,അമ്മയെന്ന് ,ഭൂമിയെന്ന്,പ്രപഞ്ചമെന്ന് 
പറഞ്ഞ് പറഞ്ഞ് കണ്ണീർ വാർക്കേണ്ടതില്ല.
അപ്പഴും അധികാരി നാമായിരിക്കണമെന്ന് ചിന്തിച്ച് തലപുകക്കേണ്ടതില്ല...

ഒരു മുള്ളുവേലിക്കരികിലായ് നിന്ന് അപ്പുറത്തേക്ക് കണ്ണുപായിച്ചു   

ഇതെവിടെയോ കണ്ടു മറന്നപോലല്ലെ...
ഇതെന്റെ വേലിക്കിപ്പുറവുമല്ലെ ,
യെന്റെയമ്മേ നിന്റെ മാറിടമല്ലെ...
                                   
എന്റെ ഭാഷ നിന്റെയാകുന്നില്ല....

എന്റെ മതവും നിന്റെയാകുന്നില്ല...
നിന്റെ വേഷവും ആഹാരവുമെന്റെയല്ല...
പക്ഷെയെന്റെ കാറ്റും മഴയും നിലാവെളിച്ചവും 
സൂര്യനും പാചകംചെയ്യാ പഴങ്ങളും ധാന്യവും കടലും മീനും
 ആദികോശവും അതിലെ ജീനും ഈ കുളിരും കൂടി -
നിന്റേതു കൂടിയാവുന്നു.
                                         
അപ്പുറവും ഇപ്പുറവുമായ് വെടിയുതിർക്കുന്നീ 

തോക്കുകൾ നമ്മുടേതല്ല ,
ഈ വിമാനങ്ങളും റോക്കറ്റും പീരങ്കിയും ബോബും വസ്ത്രവും 
ഷൂവും മറ്റിതൊന്നുതന്നെ നമ്മുടേതല്ല..
പരസ്പരം പിച്ചിചീന്താൻ പഠിപ്പിച്ച ചിന്തയും വാക്കും 
പ്രവൃർത്തിയും കൂടെ നമ്മുടെതല്ല,മറ്റാരുടെയൊക്കെയോ...

എന്നിട്ടും ഇതെല്ലാമറിഞ്ഞിട്ടും എന്താണമ്മേ ഞങ്ങളിങ്ങനെ 

എനിക്ക് ഭയക്കാതിരിക്കാനാവുന്നില്ല ഈ ഭരണകൂടങ്ങളെ....