May 22, 2011

നിലവിളി

                   നിലവിളി


നിലവിളികളോട് മുഖം തിരിക്കട്ടെ ഞാൻ
ഇവകളെല്ലാംമെന്നെ പിൻതുടരും വരെ.

ചുടലയിൽനിന്നുയിർകൊണ്ട ജീവന്റെ സ്പന്ദനം തലമുറകളെ തലോടി മറയുന്ന നിലവിളി, കൂടെയുയരുന്ന പുകയിൽ മുഖം പൂഴ്ത്തി സ്വത്തുവീതിക്കാൻ കലമ്പുന്നൊരു സ്വരം.

വഴിയിൽ പഴന്തുണി ചാക്കിനരുകിലായി മൂക്കളകൂട്ടിക്കുഴച്ച് , കുഞ്ഞിന്റെ രോദനം.

നടവരവുകൂടി , കണ്ണിലശ്രുക്കളാൽ  “ഭഗവാനെയെന്നു..” നീട്ടി വിളിക്കുന്നു നാവുകൾ.

കൂട്ടിയിടിച്ചുതകരുന്ന വാഹനം ബാക്കിവക്കും കുറെ ഉടലുകളുടെ നിലവിളി.

ജയിലഴികളിൽ  മുഖം പൂഴ്ത്തി കരയുന്നു ജനസേവകൻ , കണ്ണുള്ളവർ കാണട്ടെ കണ്ടുമിണ്ടാതിരിക്കട്ടെ!.

ജീവിതം കൊത്തിയരിഞ്ഞിട്ട് ഗുണ്ടകൾ , ഞാനല്ലയെന്നെ കരുവാക്കിയതെന്നും നിലവിളി.

അതിരാത്രം കഴിഞ്ഞ് കണക്കുപറയുന്നു , ചെലവുകൾ ഞങ്ങളെ ഞെരുക്കികളയുന്നു.

എനിക്ക് ഭയമാണ് നിലവിളികളോട് ,
മുഖം തിരിക്കട്ടെ  ,
മുഖം പൂഴ്ത്തി നടന്നുമറയട്ടെ ഞാൻ .