July 15, 2011

അപ്പുക്കുട്ടേട്ടന്‍

                                                          അപ്പുക്കുട്ടേട്ടന്‍
                 
                             അപ്പുക്കുട്ടേട്ടന് നായാട്ട് ഒരു ഹരമായിരുന്നു.എന്നാല്‍ കള്ളതോക്കും വെടിയും പടയുമൊന്നുമല്ല കേട്ടോ, തോക്കും നായയുമായി വെടിക്ക് പോയെങ്കിലേ നായാട്ടാവൂയെങ്കില്‍ അദ്ദേഹം നായാട്ടുകാരനായിരുന്നില്ല.മണ്ണിനോടും മഞ്ഞിനോടും കാടിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടാന്‍ വിധിക്കപ്പെട്ട ഒരു ആദ്യ കാല കുടിയേറ്റ കര്‍ഷകന്‍ .
                               ഹൈറേഞ്ചിലെ കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ ഭക്ഷണത്തിലെ പ്രധാന വിഭവം കാട്ടുമൃഗങ്ങളുടെ ഇറച്ചിയായിരുന്നു.കപ്പക്കും ചേനക്കും കാച്ചിലിനുമൊക്കെയൊപ്പം അല്പം വെടിയിറച്ചിയും.പ്രകൃതിയോട് പടവെട്ടി അവരുടെ മനസ്സും ശരീരവും കാരിരുമ്പിന്റെ കരുത്തുനേടി.
                           കാലത്ത് പത്ത് മണിവരെയൊക്കെ മഞ്ഞ് മൂടികിടക്കും,എങ്കില്ലും പണിക്കും മറ്റ് കാര്യങ്ങള്‍ക്കും യാതൊരു തടസ്സവും വരാനവര്‍ സ്വയം സമ്മതിച്ചിരുന്നില്ല.
                        ഇങ്ങനെ മഞ്ഞ് മൂടികിടക്കുന്ന പ്രഭാതങ്ങളിലൊക്കെ തലേന്നത്തെ അദ്വാനത്തിന്റെ ഫലവുമായി അപ്പുക്കുട്ടേട്ടന്‍ ഞങ്ങളുടെ വീടിന്റെ പരിസരം വഴിവന്നിരുന്നു.
               കാട്ടുപന്നി ,  മുള്ളന്‍ , കാട്ടുമുയല്‍  , കാട്ടുകോഴി,  കാട്ടുപൂച്ച,  തുടങ്ങി എണ്ണിയാലൊടുങ്ങാത്തതും എനിക്ക് പേരറിയാത്തതുമായ ഒട്ടനവധി മൃഗങ്ങളെ അപ്പുക്കുട്ടേട്ടന്‍ കെണിവച്ചും കുഴികുത്തിയും അമ്പും വില്ലും ഉപയോഗിച്ചും മറ്റും പിടിച്ചു പോന്നു.
         മുള്ളനും മറ്റും വരുന്ന താര അദ്ദേഹം കൃതൃമായി കണ്ടുപിടിക്കും അവിടെ കമ്പികൊണ്ടുള്ള കെണിയുണ്ടാക്കി കമ്പില്‍ കെട്ടി നിര്‍ത്തും.ചിലയിടങ്ങളില്‍ നിരനിരയായി ഒട്ടനവധി കെണികള്‍ വച്ചിരിക്കുന്നത്  പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ഇതുകണ്ട് ഞാനും ചേട്ടനും ചേര്‍ന്ന്  പലയിടത്തും കെണികള്‍ വച്ചെങ്കിലും നിരാശയായിരുന്നു ഫലം.
                      ഈ സമയമൊക്കെ നല്ല ഒന്നാന്തരം മുള്ളനേയും കാട്ടുമുയലിനേയും മറ്റും അദ്ദേഹം നിരന്തരം പിടിച്ച് ഞങ്ങളെ വിസ്മയിപ്പിച്ചു. ആരാച്ചാര്‍ കഴുമരത്തില്‍ തൂക്കിയിരിക്കുന്ന കുടുക്കുപോലെയാണ് അദ്ദേഹം കുടുക്കുണ്ടാക്കിയിരുന്നത്. അതിനുശേഷം ചെറിയ കുറ്റികള്‍ തറച്ച് നിരനിരയായി കുടുക്കുവയ്ക്കും .കുടുക്ക് വച്ചിരിക്കുന്നതിനടിയിലും വശങ്ങളിലും മരച്ചില്ലയും ഇലകളും ഒടിച്ച് തടസ്സങ്ങളുണ്ടാക്കും.മൃഗങ്ങള്‍ കൃതൃമായി കുടുക്കില്‍ വീഴുന്നതിനാണിത്.
                                   
                       അദ്ദേഹം മൃഗങ്ങളെ മാത്രമായിരുന്നില്ല വേട്ടയാടിയിരുന്നത്. വലിയ മരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന പെരുംതേനും മരപ്പൊത്തിലു മറ്റും കാണുന്ന ചെറുതേനും എല്ലാം ശേഖരിച്ചിരുന്നു. തേനെടുക്കുന്ന അവസരത്തിലൊക്കെ കൈനിറയെ ഈച്ചയുമയായിരുന്നു അദ്ദേഹം വന്നിരുന്നത്. പെട്ടിയിലാക്കി വീട്ടില്‍ വളര്‍ത്താനാണ് ഇങ്ങനെ കൊണ്ടുവന്നിരുന്നത്. ഇവയെ കയ്യില്‍ തൂക്കി കൊണ്ടുവരുന്നതിന് ഒരു സൂത്രമുണ്ട്. റാണിയീച്ചയെ പിടിച്ച് ചിറകുവെട്ടി ഒരു കയ്യില്‍ വെക്കും. പിന്നെ മറ്റീച്ചകളെല്ലാം മര്യാദക്കാരന്മാരായി കയ്യില്‍ വന്ന് തൂങ്ങിക്കൊള്ളും. ഇങ്ങനെ എടുത്താല്‍ പൊങ്ങാത്തഭാ‍രവുമായി എത്രപ്രാവശ്യം അദ്ദേഹത്തെ കണ്ടിരിക്കുന്നു.


                      മീന്‍ പിടുത്തത്തിലും അദ്ദേഹം വിദഗ്ധനായിരുന്നു. മഴക്കാലത്തും വേനല്‍ കാലത്തുമെല്ലാം കൈനിറയെ മീന്‍ പിടിക്കുകയും ചെയ്തുപോന്നു.ഇതിനായി ഒരു പ്രത്യേകതരം കൂടയുണ്ടാക്കും.  ഈ കൂട വഴി മീന്‍ ഉള്ളില്‍ കയറിയാല്‍ പുറത്തിറങ്ങാനാവില്ല. അകത്തേക്കുമാത്രമേ പ്രവേശനമുള്ളു, പുറത്തേക്കില്ല. വെള്ളം കയറിക്കിടക്കുന്ന ചെറിയ തോടുകളിലും മറ്റും ഈ കെണി സ്ഥാപിക്കും. വെള്ളത്തിനൊപ്പം നീന്തിയും ഒഴുകിയും വരുന്ന മീനൊക്കെ കെണിയിലെ തീറ്റകണ്ട് അകത്ത് കയറിയാല്‍ ഓക്കെ. ഇടയ്ക്ക് ചൂണ്ടപ്രയോഗവും ഉണ്ടായിരുന്നു. നല്ല കപ്പ പുഴുങ്ങി ചൂണ്ടയില്‍ കൊരുത്തായിരുന്നു ഇങ്ങനെയുള്ള  മീന്‍പിടുത്തം.
                       പിന്നെതേങ്ങയിടാനും മരംവെട്ടാനും മുട്ടികീറാനും എന്നു വേണ്ട സകലപണിക്കും അദ്ദേഹത്തെ കഴിഞ്ഞേ മറ്റാരെങ്കിലുമുണ്ടായിരുന്നുള്ളു.

ഒരു ചെറിയ അപകടം അദ്ദേഹത്തെ തീരെ തളര്‍ത്തിക്കളഞ്ഞു. വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു പശുക്കിടാവാണ് പണിപറ്റിച്ചത്. മഹാകുസൃതിയായിരുന്ന കിടാവ് റോഡുവക്കില്‍ നിന്നും അഴിച്ചതും കുതറിയൊറ്റയോട്ടം. അദ്ദേഹം പിടിവിടാഞ്ഞതോ കയ്യിലൊ മറ്റൊ കുരുങ്ങി കിടന്നതൊ എന്നറിയില്ല, അപ്രതീക്ഷിതമായി വീണുപോയ അപ്പുക്കുട്ടേട്ടനെയും കൊണ്ട് കിടാവ് കല്ലുകള്‍ക്കിടയിലൂടെയു മറ്റും കുറേ ദൂരം വലിച്ചുകൊണ്ടോടി. അതോടുകൂടി അദ്ദേഹം തീരെ അവശനായി. മുഖത്തൊക്കെനീരും.  പഴയപോലുള്ള പണിയൊന്നും ചെയ്യാനും ആവില്ല. എങ്കിലും വല്ലപ്പോഴും ചെറിയ  കെണിയും മീന്‍ പിടുത്തവുമൊക്കെയായി കഴിഞ്ഞു പോരുന്നു.
       അങ്ങനെയിരിക്കെ അടുത്തകാലത്തൊരു ദിവസം കാലത്ത് അമ്മയുടെ ഫോണ്‍  ‘എടാ നമ്മുടെ അപ്പുകുട്ടേട്ടന്‍ മരിച്ചു..’.ഡ്യൂട്ടിതിരക്കിലായിരുന്നെങ്കില്ലും പോകാന്‍ ഞാന്‍ തീര്‍ച്ചയാക്കി .അദ്ദേഹം ഞങ്ങളുടെ ആരും ആയിരുന്നില്ല പക്ഷേ എന്തോ ഒരു ആത്മബന്ധം. ... ,ഒരു ആരാധന മനസ്സില്‍ തങ്ങി നിന്നിരുന്നു.
                            പക്ഷെ എനിക്കവസാനമായി അദ്ദേഹത്തെ കാണാനായില്ല .അന്നുതന്നെ ഞങ്ങളുടെ ഒരടുത്ത ബന്ധു മരിച്ചു.തിരക്കിട്ട് അങ്ങോട്ടേക്ക് പോകേണ്ടിവന്നു.
  ഞങ്ങളുടെ ചെറുപ്പത്തിലെ ‘ഹീറോ’ ആയിരുന്ന ആപ്പുകുട്ടേട്ടനെ അവസാനമായി കാണാനാവത്തതിന്റെ വേദന ഇന്നും മനസ്സില്‍ നീറ്റലായ് തങ്ങി നില്‍ക്കുന്നു.
(അപ്പുകുട്ടേട്ടന്‍ എന്നത് ശരിയായ പേരല്ല,പിന്നെ ഇതിലെ എല്ലാം  കുറെ യാഥാര്‍ത്ഥ്യങ്ങളും കുറെ  സങ്കല്‍പ്പങ്ങളും ,എല്ലാ കഥകളും അനുഭവങ്ങളില്‍ നിന്നും രൂപപ്പെടുന്നതാണല്ലോ..... )

22 comments:

 1. പണ്ടത്തെ കാലത്തേയ്ക്കു പോയ ഒരു ഫീലിങ്ങ്....
  കപ്പപുഴുങ്ങി ചൂണ്ടയിൽ കൊരുത്തുള്ള ഇരിപ്പ് ശരിക്കും മനസ്സിൽ കണ്ടു
  നന്നായിരിക്കുന്നു.....

  ReplyDelete
 2. നാടിനെ ഓര്‍ത്തുപോയി ... ചില ജീവിതങ്ങള്‍ ...മറക്കാന്‍ ...കഴിയുകയില്ല
  അടര്തികളഞ്ഞാലും...പോവുകയുമില്ല ...
  രസിച്ചു ...

  ReplyDelete
 3. അപ്പു കുട്ടിയേട്ടന് നിത്യ ശാന്തി നേരുന്നു

  ReplyDelete
 4. ഇങ്ങനെയുള്ള പരിശ്രമ ശാലികളെ ഇന്ന് ഒരിടത്തും കാണാനില്ല .ഇന്ന് മേല്‍ അനങ്ങാതെ മറ്റുള്ളവരെ പറ്റിച്ചു എങ്ങനെയെങ്കിലും സ്വന്തം കാര്യം നേടിയെടുക്കുന്ന സൂത്രക്കാര്‍ മാത്രമേ എവിടെയും ഉള്ളൂ..അപ്പുക്കുട്ടെട്ടന്‍ മാര്‍ അരങ്ങു ഒഴിഞ്ഞതോടെ നാട്ടില്‍ പുറങ്ങളില്‍ ഉണ്ടായിരുന്ന പ്രകൃതിജന്യമായ അതിജീവനത്തിന്റെ നന്മകള്‍ കൂടിയാണ് പടികടന്നു പോയത് ...:(

  ReplyDelete
 5. ജാനകി.പ്രദീപ്,കൊമ്പന്‍,രമേശ്...@...എല്ലാവര്‍ക്കും നന്ദി..

  ReplyDelete
 6. വളരെ നന്നായിരിക്കുന്നു.

  ReplyDelete
 7. കുഞ്ഞൂഞ്ഞ് എന്നായിരുന്നു ഞങ്ങളുടെ “അപ്പുക്കുട്ടേട്ട”ന്റെ പേര്. എത്രയെത്ര നാട്ടറിവുകള്‍. ഓരോ സമയത്തും ഭൂമിക്കും കൃഷിയ്ക്കും എന്താണ് വേണ്ടതെന്നറിയുന്ന ഒരാള്‍. എല്ലാ കൈത്തൊഴിലും അറിയുന്ന ഒരാള്‍. കഴിഞ്ഞ തവണ അവധിക്ക് പോയപ്പോള്‍ ഞാന്‍ കുറച്ച് നേരം വീഡിയോയില്‍ അദ്ദേഹത്തിന്റെ കയ്യാലപ്പണി റിക്കോര്‍ഡ് ചെയ്തു. “പിടിച്ചോ പിടിച്ചോ, ഇനി വരുമ്പോ കുഞ്ഞൂഞ്ഞ് ചെലപ്പോ കാണുകയില്ല” എന്ന് പറഞ്ഞ് ചിരിച്ചു. അടുത്ത മാസം അവധിക്ക് ചെല്ലുമ്പോള്‍ പിന്നെയും കാണും.

  ReplyDelete
 8. എല്ലാവര്ക്കും കാണും ഇങ്ങനെ ചിലര്‍. ഒരു അനുസ്മരണ ഉണ്ടാക്കിയതിനു നന്ദി.

  ReplyDelete
 9. ജെയിംസ്,അജിത്ത്,വിപി അഭിപ്രായം പറഞ്ഞതിന് നന്ദി.

  ReplyDelete
 10. ഓര്‍മകള്‍ക്ക് മരണമില്ല

  ReplyDelete
 11. എനിക്കറിയാവുന്ന ഒരാള്‍ ഉണ്ടായിരുന്നു ഇങ്ങനെ...ഹൈരെനജില്‍..കാടന്‍ എന്ന് വിളിച്ചിരുന്ന അയാളുടെ ഓര്‍മ്മക്കായി ഒരു കഥാ പത്രത്തിന് ഞാന്‍ കാടന്‍ സൂമാരപില്ല എന്ന് പേരും കൊടുത്തു..

  നന്നായി...എല്ലാ ആശംസകളും..

  ReplyDelete
 12. അപ്പുക്കുട്ടേട്ടനെക്കുറിച്ചൊരോർമ്മക്കുറിപ്പ് ഇഷ്ടായി.

  ReplyDelete
 13. നെടുങ്കണ്ടംകാരോ....പരിചയപ്പെട്ടതിൽ വളരെ സന്തോഷം..അപ്പുക്കുട്ടേട്ടനെക്കുറിച്ച് വായിച്ചു...വളരെ നന്നായിരിക്കുന്നു...ബാക്കി പോസ്റ്റുകൾ വായിച്ചശേഷം അഭിപ്രായങ്ങൾ അറിയിക്കുന്നതാണ്..

  ReplyDelete
 14. അദ്ധ്വാനം സംതൃപ്തി എന്ന് കരുതുന്ന കുറച്ചു പേരില്‍ ഒരാളെ നന്നായി വരച്ചു.അധ്വാനം ആത്മാര്‍ഥത ഇതൊക്കെ ഇനി കഥകളില്‍ മാത്രം കാണും അല്ലെ?
  നല്ലെഴുത്തിനു നന്ദി

  ReplyDelete
 15. എഴുത്ത് നന്നായിരിക്കുന്നു.. ഞാനും അല്പനെരതെക്ക് എന്റെ നാട്ടില്‍ എത്തിയ പോലെ തോന്നി.

  ReplyDelete
 16. ഈ എഴുത്തിന് നന്ദി..കുറച്ചു സമയത്തേക്ക് നന്മ നിറഞ്ഞ നാട്ടിന്‍ പുറത്തു എത്തിയത് പോലെ..ഇത് പോലെ നന്മയുടെ തുരുത്തുകള്‍ ഇപ്പോഴും അവിടവിടെ ബാക്കി കാണാം...കുറ്റി അറ്റു പോകുന്ന ഒരു വര്‍ഗ്ഗത്തിന്റെ അവസാനത്തെ കണ്ണികള്‍..

  ReplyDelete
 17. ശരിയാണ്,ഇപ്പോള്‍ അരിച്ചു പെറുക്കി നോക്കിയാലും കാണാന്‍ കിട്ടില്ല ഇത് പോലുള്ള 'അപ്പുക്കുട്ടന്‍' ചേട്ടന്മാരെ.

  ReplyDelete
 18. മജീദ് അല്ലൂര്‍ Villagemaan Shameer T K ഷിബു തോവാള ഞാന്‍ തൃശൂര്‍കാരന്‍.....SHANAVAS mayflowers .എല്ലാവര്‍ക്കും നന്ദി
  നന്മയുള്ളവര്‍ വീണ്ടും വീണ്ടും ജനിക്കട്ടെ......

  ReplyDelete
 19. ഒരു നാടന്‍ രീതി. അപ്പുക്കുട്ടേട്ടന്റെ കഥ നന്നായി. ഭാവുകങ്ങള്‍.

  ReplyDelete
 20. അപ്പുക്കുട്ടേട്ടന്മാർ എല്ലാവർക്കും പരിചിതരാണ്.

  ReplyDelete
 21. മണ്ണിന്റെ മണം, കൊച്ചരുവിയുടെ മൃദു കളാരവം, അപ്പുറത്തെവിടെയോ ഒരു പശു അമറുന്നു.ഇലക്കുമ്പിളിൽ ചുടുകഞ്ഞി കോരിക്കുടിച്ച് വരമ്പത്തിരിക്കുന്ന ഒരു സുഖം. കുറേക്കൂടി വലിച്ചുനീട്ടിപ്പറയാമായിരുന്നു. ഒരു മധുരസ്വപ്നം പെട്ടെന്ന് മുറിഞ്ഞുപോയ മാതിരി.ആത്മാംശമുണ്ട് പറച്ചിലിൽ.

  ReplyDelete
 22. അപ്പുകുട്ടേട്ടന്റെ ക്യാരിക്കേച്ചർ എഴുത്തിലൂടെ നന്നായി വരച്ചിട്ടിരിക്കുന്നൂ..കേട്ടൊ ഭായ്

  ReplyDelete

എന്തെങ്കില്ലും പറയൂ ,പ്ലീസ്