October 3, 2011

കുടിയിറക്കം

                                               
                                        ദൂരെ മലയിടുക്കുകളിൽ വിവിധ രൂപങ്ങൾ തീരുന്നു. ഒന്നൊരു മാലാഖയുടെ രൂപം .മാലാഖ ചിറകുകൾ  വീശി ആകാശത്തേക്ക് പറന്നുയരുകയാണ്.കൂടെ സമാധാനത്തിന്റെ പതാക വാഹകരെപ്പൊലെ ഏതാനും പ്രാവുകൾ . ഭൂമിയെ തൊടാൻ വെമ്പിനിധികാക്കും ഭൂതത്തെപ്പൊലെ മറ്റുചിലർ . എതിർ വശത്തായി ഒരു കുതിര കുതിച്ചു ചാടാൻ തുടങ്ങുന്നു.
പക്ഷെ എല്ലാവരും ദൂരേയ്ക്ക് ദൂരേയ്ക്ക് പോകുന്നു. താ‍ഴെ മലയിടുക്കുകളിൽ  തലതല്ലിച്ചിരിച്ച്  ഒരു കൊച്ചരുവി കടന്നു പോകുന്നു. മഴക്കാലത്തിന്റെ ധാരാളിത്തം. വേനലിൽ കരയാനുള്ളതാ‍ണെന്നോർക്കാതെയുള്ള കുതിപ്പാകാം.

    കാൽപ്പെരുമാറ്റം കേട്ട് വർഗ്ഗീസുചേട്ടന്‍ തിരിഞ്ഞുനോക്കി. കൊളുന്തു നുള്ളാൻ പോകുന്ന തമിഴത്തികളാണ്. എന്തൊക്കെയൊ കലമ്പൽ കൂട്ടി അവരങ്ങനെ നിരനിരയായി വരുന്നു. കൂടെ ഇളക്കമൽപ്പം കൂടുതലുള്ള മായമ്മ ചോദിച്ചു.
എന്നണ്ണാ എന്നപാത്തിട്ടിറുക്കെ?
ഓ...ഒന്നുമില്ലൈ
ചുമ്മാ പാത്തിട്ടിരിന്തേ.
മുതലാവതാ നീങ്കയിങ്കെ...
‘...........അവരു പാക്കട്ടും നമ്മക്ക് പോകലാം‘.

അവരെല്ലാം കലമ്പൽ കൂട്ടി മലയടിവാരത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. എല്ലാവരും വർഷങ്ങളായി പരിചയമുള്ളവർ. അടുത്തുതന്നെയുള്ള ലയത്തിലെ താമസക്കാരാണ്.

വർഗ്ഗീസു ചേട്ടനവരുടെ വരിയായുള്ള പോക്ക് നോക്കിനിന്നു. സ്വൽപ്പം നീങ്ങിയപ്പോൾ  ഒരു മഞ്ഞുകൂട്ടം വന്ന് അവരെ പൊതിഞ്ഞു. ഇപ്പോൾ മാലാഖമാരെപ്പോലെ അവരുടെ രൂപം അവ്യക്തമായി കാണാം.
അവരിൽ നിന്നും കണ്ണുപറിച്ച് താഴേയ്ക്ക് നടന്ന്  കൊണ്ട് വര്‍ഗ്ഗീസുചേട്ടനോര്‍ത്തു.
 എത്ര വർഷങ്ങൾ എല്ലാം പഴയകാഴ്ചകൾ . പക്ഷേ ഇന്നെനിക്ക് എല്ലാം പുതുമയുള്ളതായി തീരുന്നു.  നാളെ കുടിയിറക്കമാണ് .സ്വന്തം മണ്ണില്‍ നിന്നും ആത്മാവില്‍നിന്നും. വില്ലെജാഫീസില്‍ നിന്നും ലഭിച്ച അന്ത്യശാസനത്തിന്റെ കാലാവധി നാളെത്തീരും. താന്‍ സമ്പാദിച്ചതെല്ലാം ഇവിടെനിന്നായിരുന്നു.മൂന്നു മക്കള്‍ ,ത്രേസ്യാമ്മ.  കപ്പയും ചേമ്പും ,കുരുമുളകും ,തേയിലയും എല്ലാം കൃഷി ചെയ്തു. മക്കളെയെല്ലാം നന്നായി പഠിപ്പിച്ചു.
അവരെല്ലാം നല്ലനിലയിലുമായി. എല്ലാം,ഈ മണ്ണു തന്ന  സൗഭാഗ്യങ്ങള്‍ .....
മൂത്തവന്‍ കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസ്സിനസ്സ് നടത്തുകയാണ് .മറ്റു രണ്ടു പേരു ഗള്‍ഫിലാണ് .ഇവിടെ നിന്നാമതിയെന്ന് ഞാനവരോടെല്ലാം പറഞ്ഞതാണ് .പക്ഷെ ആര്‍ക്കും  ഈ കാടും മേടുമൊന്നും എന്റെയത്ര ബോധിച്ചില്ല.
   ജെസിബികള്‍ തലങ്ങും വിലങ്ങും പായുന്നതിന്റെ ശബ്ദം ,കണ്ടാല്‍ തന്നെ ഭയമാകുന്നു.ഈ നാടിനെ മനസ്സറിഞ്ഞ് സ്നേഹിക്കുകയും  മനസ്സിലാക്കുകയും  ചെയ്യ്ത നമ്മളെല്ലാം കയ്യേറ്റകാരായി.ആയിരക്കണ്ണക്കിനേക്കര്‍ കൈവശം വയ്ക്കുകയ്യും മുറിച്ചു വില്‍ക്കുകയ്യും ചെയ്യുന്നവരൊക്കെ മിടുക്കരായി വിലസുന്നു.
    1970 കളിലാണ് വര്‍ഗ്ഗീസ്സുചേട്ടന്‍ ഹൈറേഞ്ചിലേക്ക് വരുന്നത് ,അതിനുമുമ്പ് കാടുവെട്ടി കൃഷി ആരംഭിച്ച ഗോപാലന്‍ എന്നൊരാളില്‍ നിന്നും വാങ്ങിക്കുകയായിരുന്നു ഈ നാലരയേക്കര്‍ ഭൂമി .അന്ന് രണ്ട് മക്കളുണ്ട് ,പിന്നീട് ഒരാളുംകൂടായി .1977 കാലഘട്ടത്തില്‍ സര്‍വ്വേചെയ്യ്തുപോയ ഭൂമിയാണ് .അന്ന് സര്‍വ്വേചെയ്യ്ത പലര്‍ക്കും പിന്നീട് പട്ടയം കിട്ടി.പക്ഷെ ഇതു മാത്രം ശരിയായില്ല....
സര്‍ക്കാര്‍ രേഖകളില്‍ ഇപ്പോഴും റിസര്‍വ്വ് ഫോറസ്റ്റായി കിടക്കുന്നു.എന്താണ് പറ്റിയതെന്നറിയില്ല.വലിയ കാര്യവിവരമില്ലാത്തതിനാല്‍ പിറകെ പോയുമില്ല.അത്ര അത്യാവശ്യമായി അന്നു തോന്നിയുമില്ല.
           
                                   മലയോരത്തുകൂടി വഴി വളഞ്ഞു തിരിഞ്ഞു പോകുന്നു.ഈ വഴിയോരത്താണ് മൊയ്യ്തീന്റെ ചായക്കട .മിക്ക വൈകുന്നേരങ്ങളിലും ഇവിടെയാണ് ഒത്തുകൂടാറ് .നാട്ടില്‍ പലയിടത്തും വികസനം വന്നുയെന്നു പറഞ്ഞുകേട്ടു.പക്ഷെ അതിവിടെവരെയെത്തിയിട്ടില്ല.
ഈ ചായക്കടയും വളവും മണ്ണ് റോഡും കാട്ടുപന്നിയും അരുവിയും എല്ലാം പഴയതു തന്നെ .
           ഏതൊക്കെയോ ഓര്‍മ്മകളില്‍ തട്ടി വര്‍ഗ്ഗീസ്സുചേട്ടന്‍ താഴേക്ക് നടന്നു.ഒരു പക്ഷെ ഈ വഴിക്കുള്ള അവസാനയാത്രയായേക്കാം ,താഴെയെത്തിയതറിഞ്ഞില്ല.
      ആരൊക്കെയോ കൂട്ടം കൂടി നില്‍പ്പുണ്ട് ,ആരോടും ഒന്നുമിണ്ടാന്‍ തോന്നിയില്ല.
എല്ലാവരും എന്തൊക്കെയൊ ചോദിച്ചു എന്തൊക്കെയൊ പറഞ്ഞെന്നു വരുത്തി.കുട്ടപ്പനും ചന്ദ്രനും  വര്‍ഗ്ഗീസ്സും മൊയ്തീനും മുരളിയും എല്ലാവരുമുണ്ട് ,എല്ലാവരും ആദ്യകാലഘട്ടം മുതല്‍ തന്നെ പരിചയമുള്ളവര്‍ .
ഒരു ചായകുടിച്ചെന്നു വരുത്തി വേഗമിറങ്ങി..
 “......ടൗണിലേക്ക് ഞാന്‍ സുഖവാസത്തിന് പോവുകയാണെന്നാ എല്ലാവരും കരുതുന്നെ.  സ്വന്തം വീടുവിട്ടു പോകുന്നവന്റെ  വേദന ആരോടു പറയും .”
മൊയ്തീനോടെന്ന മട്ടില്‍ എല്ലാവരോടുമായി വര്‍ഗ്ഗീസ്സു ചേട്ടന്‍ പറഞ്ഞു.
ആര്‍ക്കും ഒന്നും മിണ്ടാനായില്ല.എല്ലാമനസ്സുകളിലുമുള്ള നീറ്റല്‍ മുഖത്തു കാണാമായിരുന്നു.
      മൂത്തവന്‍ ടൗണിലേക്ക് തന്നെ പറിച്ച് നടാന്‍ തീരുമാനിച്ചതാണ് ,ആര്‍ക്കും നിയമയുദ്ധത്തിനൊന്നും സമയമില്ലല്ലോ?.
അല്ലെങ്കില്‍ തന്നെ അവരുടെയൊക്കെ കണ്ണില്‍ ഇതു നിസ്സാരവിലയുള്ള ഭൂമിയാണ് .അവര്‍ക്കീ മണ്ണിന്റെ ആത്മാവുകാണാനാവില്ലല്ലോ..
തീയില്‍ നില്‍ക്കുമ്പൊളല്ലേ പൊള്ളലറിയൂ..
                      വര്‍ഗ്ഗീസ്സുചേട്ടനവരോടെല്ലാം യാത്ര പറഞ്ഞ് തിരിഞ്ഞു മലകയറി നടന്നു.മുമ്പില്‍ വഴി വളഞ്ഞു തിരിഞ്ഞ് ചെങ്കുത്തായി കിടക്കുന്നു.ഇനി കയറ്റമാണ് ഇറക്കം കഴിഞ്ഞു.ഈശ്വൊരാ എല്ലാ ഇറക്കത്തിനു ശേഷവും കയറ്റമാവണെ...
ജീവിതയാഥാര്‍ത്ഥങ്ങള്‍ വര്‍ഗ്ഗീസ്സുചേട്ടനെ വിപരീത ദിശയില്‍ വലിച്ചു തുടങ്ങി.അയാള്‍ മുകളിലേക്ക് കയറും തോറും താഴെ ഇറക്കം കൂടി കൂടി വന്നു.വര്‍ഗ്ഗീസുചേട്ടന്റെ ജീവിതം പോലെ.....