ഞാനും ചേട്ടനും പെങ്ങളുമെല്ലാം വീട്ടിൽ നിന്നും ഒരു കിലോമീറ്ററിലധികം ദൂരെയുള്ള എൽ പി സ്കൂളിലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം നടത്തിയത് .വീട്ടിൽ നിന്നും സ്കൂളിലേക്കുള്ള ദൂരത്തിൽ ഒരു കിലോമീറ്ററോളം തന്നെ നല്ലയിറക്കമാണ് അതിനു ശേഷം അല്പം കയറ്റവും .ഇറക്കമെന്നു പറഞ്ഞാൽ നല്ലയിറക്കം, കുത്തനെ താഴേക്കിറങ്ങുന്നതുപ്പോലെ.ടാറിങ്ങും സോളിങ്ങുമൊന്നുമായിട്ടില്ല വെറും മൺപാത.അക്കാലത്ത് വാഹനങ്ങളെന്നു പറയാൻ വല്ലപ്പോഴും ഓടുന്ന ജീപ്പുകൾ മാത്രം.
വൈകുന്നേരം തിരിച്ചുള്ള വരവാണ് രസകരം .എവിടെന്നിന്നെങ്കിലും നല്ല വടിയൊടിച്ച് പള്ളയെല്ലാം തല്ലിയൊതുക്കി ഞങ്ങളങ്ങനെ നിരന്ന് നിരന്ന് പോകും.കേറ്റമായതിനാൽ പയ്യെ പയ്യെയാവും യാത്ര.ഇടക്ക് കാണുന്ന പേരയും മാവും പ്ലാവുമൊന്നും ഒഴിവാക്കാറുമില്ല.
അത്രമാത്രം.
വേനൽക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ വലിയ ജലക്ഷാമമാണ്. ഒരു കിലൊമീറ്ററിലധികം സഞ്ചരിച്ചാൽ മാത്രമേ കുടിക്കാനും കുളിക്കാനും എല്ലാം വെള്ളം കിട്ടൂ, ഇപ്പോഴും അങ്ങനെ തന്നെ. വൈകിട്ട് സ്കൂൽ വിട്ടു വന്നിട്ട് വേണം കുളിക്കാനും മറ്റും പോകാൻ. അടുത്തുള്ള ഏലക്കാട്ടിൽ സുലഭമായി വെള്ളം കിട്ടും. അവിടെക്കാണ് ഞങ്ങളുടെ യാത്ര. ഒന്നുരണ്ടുമലയിറങ്ങി വേണം കാനമെന്ന് ഞങ്ങൽ വിളിക്കുന്ന ഏലക്കാട്ടിൽ പോകാൻ കാനത്തിൽ പോയാൽ കുളിച്ചിട്ട് ചെറിയകുടത്തിൽ വെള്ളവുമായിട്ട് വേണം തിരികെ വരാൻ. തീരെ ചെറിയകുടമാണുകേട്ടോ. തനിയെ നടന്നു വന്നാൽ തന്നെ വിയർക്കും . പിന്നെ വെള്ളവുമായി വന്നാലുള്ള കാര്യം പറയണൊ. ഞങ്ങളും കുട്ടികളും മുതിർന്നവരും എല്ലാം അങ്ങിനെ തന്നെ. അമ്മയോ അച്ഛനോ വെള്ളം ചുമക്കാൻ കൂടെയുണ്ടെങ്കിൽ അലക്കിയ തുണിയായിരിക്കും ചിലപ്പോൽ ഞങ്ങൾക്ക് ചുമട്. കാട്ടിൽ പലതരത്തിലുള്ള കിളികളുണ്ട് തത്തയും മൈനയും അങ്ങനെ പല പല കിളികൾ . കൂടാതെ പലതരത്തിലുള്ള കാട്ടു പഴങ്ങളും. പലവർഷത്തെ പരിചയം കൊണ്ട് ഞങ്ങൾക്ക് കഴിക്കാവുന്ന പഴങ്ങളൊക്കെ സുപരിചിതമായിരുന്നു. അമ്മതുണിയലക്കുന്ന സമയത്ത് ഞങ്ങൽ കാട്ടു പഴങ്ങൾ പറിച്ച് തിന്നുകൊണ്ടിരിക്കും. പിന്നെ അമ്മ വഴക്ക് പറയണം കുളിയാരംഭിക്കാൻ. തിരികെ വരുമ്പോൾ അടുത്തുള്ളവീട്ടിലൊക്കെ കയറി വെള്ളമെല്ലാം കുടിച്ചാവും യാത്ര. വേനൽക്കാലത്ത് പെണ്ണുങ്ങളുടെ പ്രധാന പണിതന്നെ വെള്ളം ചുമടും കുളിക്കാൻ പോക്കും തന്നെയായിരുന്നു. കാരണമിതുകഴിഞ്ഞിട്ട് മറ്റ് പണിക്ക് സമയമില്ലതന്നെ.
അര കിലോമീറ്ററോളം കയറ്റം കയറി വരുമ്പോൾ ഒരു വീട്ടിൽ വേനൽക്കാലത്ത് ധാരാളം കൈതചക്കയുണ്ടാവുമായിരുന്നു.കൈതകൾ ഒരു പാറക്കുഴിയിലാണുണ്ടാവുക.അവിടെ വരുമ്പോൾ വെള്ളവും തുണിയുമെല്ലാം അടുത്തുള്ള പാറയിൽ താഴ്ത്തിവച്ച് കൈയ്യിൽ കരുതുന്ന കത്തികൊണ്ട് കൈതചക്ക മുറിച്ച് ചെത്തി തിന്നിട്ടാവും യാത്ര.ഈ ജലസ്രോതസൊക്കെ ഞങ്ങൾക്കവകാശപ്പെട്ടതാണെന്നാണ് ഞാൻ വളരെക്കാലം കരുതിയത് .പക്ഷെ പിന്നീട് ഈ കുളവും തോടുമെല്ലാം തോട്ടമുടമകൾ വലിയ കുളങ്ങളായ് പരിവർത്തനം ചെയ്യ്ത് സ്വന്തമാക്കി.നാട്ടുകാരെയൊന്നും അവിടേക്ക് കാര്യമായ് അടുപ്പിക്കാതായ് ,അതിനായ് നാട്ടുക്കാർ വളരെയധികം ഒച്ചപ്പാടുണ്ടാക്കിയെങ്കിലും പ്രയോജനം ചെയ്യ്തില്ല.അന്നാണ് ജലം നമ്മുടേതല്ല മറ്റാരുടെയൊക്കെയോ ആണെന്ന ബോധമെനിക്കുണ്ടായത്.മഴവെള്ള സംഭരണിയും കുഴൽ കിണറായുമൊക്കെ വെള്ളക്ഷാമത്തിന് ചെറിയ പരിഹാരമൊക്കെയാവുമ്പൊഴും വെള്ളംകാണുംപോളിപ്പൊഴും ഒരു സന്തോഷവും ആരാധനയുമൊക്കെയാണ്.ഒരുപാടു പറയുവാനുണ്ടെങ്കിലും ബാക്കി കാര്യങ്ങൾ പിന്നീടൊരിക്കലാവാം.